ജോലിക്കാരുടെ സഹായത്തോടെ വൻ കവർച്ച; ഒരു മണിക്കൂറിൽ സംഘത്തെ തന്ത്രപരമായി പിടിച്ചു
ഫുജൈറ ∙ വീട്ടുജോലിക്കാരുടെ സഹായത്തോടെ സ്വദേശി ഭവനത്തിൽ നിന്ന് സ്വര്‍ണാഭരണങ്ങളും പണവുമടങ്ങുന്ന പെട്ടി പട്ടാപ്പകൽ കവർച്ച ചെയ്ത ഏഷ്യൻ സംഘത്തെ ഒരു മണിക്കൂറിനുള്ളില്‍ ഫുജൈറ പൊലീസ് പിടികൂടി. പണവും ഒരു കോടി രൂപയിലേറെ (500,000 ദിർഹം) വിലമതിക്കുന്ന സ്വർണാഭരണങ്ങളുമാണ് സംഘം കവര്‍ച്ച ചെയ്തത്.
കവർച്ച പട്ടാപ്പകൽ; ഉടൻ അന്വേഷണം
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കവർച്ച നടന്ന കാര്യം വീട്ടുകാർ അറിയുന്നതെന്ന് ഫുജൈറ പൊലീസ് ചീഫ് കമാൻഡന്റ് മേജർ ജനറൽ മുഹമ്മദ് അഹമദ് അൽ കഅബി പറഞ്ഞു. വീട്ടിലാരും ഇല്ലാത്ത പകൽ സമയത്തായിരുന്നു കവർച്ച. കൂട്ടുലോഹം കൊണ്ടു നിർമിച്ച ഉറപ്പുള്ള പെട്ടിയിലായിരുന്നു സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്.
ഫുജൈറ പൊലീസിന്റെ സെൻട്രൽ ഒാപറേഷൻ മുറിയിലേയ്ക്ക് സ്വദേശി ഫോൺ വിളിച്ച് പെട്ടി കാണാതായ കാര്യം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫുജൈറ പൊലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്ന് ദിബ്ബ ഫുജൈറ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സെയ്ഫ് റാഷിദ് അൽ സഹ് മി പറഞ്ഞു.
സംഘത്തെ പിടികൂടിയത് അജ്മാനിൽ നിന്ന്
കവർച്ചയ്ക്ക് ശേഷം കൊള്ള സംഘം തൊണ്ടിമുതലുമായി അജ്മാനിലേയ്ക്ക് സ്ഥലം വിട്ടിരുന്നു. എന്നാൽ അജ്മാൻ പൊലീസിൻ്റെ സഹായത്തോടെ പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ വലയിലാക്കി. തൊണ്ടിമുതൽ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.
പ്രതികൾ പിന്നീട് കുറ്റം സമ്മതിച്ചു.വീട്ടുജോലിക്കാരുടെ സഹായത്തോടെ വിദഗ്ധമായാണ് സംഘം കവർച്ച ആസൂത്രണം ചെയ്തത്. വീട്ടിലെ സ്ഥിതിഗതികൾ പഠിച്ച ശേഷം കവർച്ചാ സംഘം വീട്ടുജോലിക്കാരെ ബന്ധപ്പെട്ട് കവർച്ച നടത്തുകയായിരുന്നു. നാല് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.