ന്യൂഡല്‍ഹി: മണവും രുചിയും പെട്ടെന്ന് നഷ്ടമാകല്‍ കോവിഡ്-19 ബാധയുടെ ലക്ഷണമാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ പരിഷ്കരിച്ച മാര്‍ഗരേഖയിലാണ് മണവും രുചിയും നഷ്ടമാകുന്നതിനെ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍പെടുത്തിയത്.
പനി, ചുമ, ക്ഷീണം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന, വയറിളക്കം, എക്സ്പെക്റ്റൊറേഷന്‍, മയാല്‍ജിയ, റിനോറിയ തുടങ്ങിയവയാണ് കോവിഡിന്‍റെ മറ്റ് ലക്ഷണങ്ങളായി പറയുന്നത്.
കോവിഡ് ബാധിച്ച വ്യക്തി ചുമക്കുമ്ബോഴും തുമ്മുമ്ബോഴും സംസാരിക്കുമ്ബോഴും പുറപ്പെടുവിക്കുന്ന സ്രവകണങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് പകരുന്നതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
നിലത്ത് പതിക്കുന്ന ഈ കണങ്ങളിലും വൈറസ് സജീവമായി തുടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലത്തില്‍ മറ്റൊരാള്‍ തൊടുകയും ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുകയും ചെയ്താലും കോവിഡ് പകരാം.
60 വയസിനു മുകളിലുള്ളവരാണ് ഏറെ ഭീഷണി നേരിടുന്നത്. പ്രമേഹം, ഹൈപര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവരും ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയില്‍ പടര്‍ന്നുപിടിച്ച് ലോകത്താകെ വ്യാപിച്ച കോവിഡ്-19 ഇതുവരെ നാല് ലക്ഷത്തിലേറെ പേര്‍ക്കാണ് ജീവഹാനി വരുത്തിയത്. 77 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലേറെയാണ് കോവിഡ് രോഗികള്‍. മരണം 9000ത്തോട് അടുക്കുകയാണ്.