സുള്ള്യ:ദക്ഷിണ കന്നഡ- കാസർകോട് അതിർത്തിയിൽ ചില പാതകളിൽ ഇട്ട മണ്ണ് നീക്കം ചെയ്ത് റോഡ് തുറക്കാൻ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി നിർദേശം നൽകി. ഇന്നലെ അതിർത്തി പ്രദേശമായ പഞ്ചിക്കല്ലിൽ എത്തിയ മന്ത്രി അതിർത്തിയിൽ റോഡിൽ മണ്ണിട്ട് അടച്ച സ്ഥലം സന്ദർശിച്ചു.
അതിർത്തി പ്രദേശമായ ദേലംപാടിയെ ബന്ധിപ്പിക്കുന്ന ബെള്ളിപ്പാടി- ദേലംപാടി റോഡിൽ ദേവറഗുണ്ട എന്ന സ്ഥലത്ത് ഇട്ട മണ്ണും, സുള്ള്യ-പാണത്തൂർ പാതയിൽ അതിർത്തിയായ കല്ലപള്ളി വാട്ടോളിയിൽ ഇട്ട മണ്ണും നീക്കം ചെയ്യാൻ മന്ത്രി നിർദേശം നൽകി. മണ്ണ് നീക്കം ചെയ്ത് അതിർത്തി ഗ്രാമങ്ങളിലെ ആളുകൾക്ക് ദൈനംദിന ആവശ്യങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി നൽകണമെന്നും ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിൽനിന്ന് ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ താലൂക്കുകളെ ബന്ധിപ്പിക്കുന്ന ഓരോ റോഡ് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാസർകോട്- സുള്ള്യ സംസ്ഥാനാന്തര പാതയിൽ മുടൂരിൽ നേരത്തെ തന്നെ റോഡിൽ മണ്ണ് നീക്കി വാഹനം കടത്തി വിട്ടിരുന്നു. ഇതു കൂടാതെ കാസർകോട് -സുള്ള്യ അതിർത്തിയിലെ രണ്ടു റോഡുകൾ കൂടി തുറക്കാൻ നിർദേശം നൽകി.
അടുത്ത ഘട്ടത്തിൽ കൂടുതൽ റോഡുകൾ തുറക്കും എന്ന് മന്ത്രി പറഞ്ഞു. റോഡിലെ മണ്ണ് നീക്കം ചെയ്ത് അതിർത്തി പാതകൾ തുറക്കണം എന്ന് ബിജെപി യു ഡിഎഫ് എൽഡിഎഫ് എസ്ഡിപിഐ ഉൾപ്പടെ യുള്ള രാഷ്ട്രീയ പാർട്ടി കളും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളും നിരന്തരമായി ഈ ആവശ്യം ഉന്നയിക്കുകയും സമരത്തിലുമായിരുന്നു
സുള്ള്യ എംഎൽഎ എസ്.അങ്കാറ, പുത്തൂർ അസിസ്റ്റന്റ് കമ്മിഷണർ ഡോ.യതീഷ് ഉള്ളാൾ, സുള്ള്യ തഹസിൽദാർ അനന്ത ശങ്കർ, സിഐ നവീൻ ചന്ദ്ര ജോഗി, എസ്ഐ എം.ആർ.ഹരീഷ്, സുള്ള്യ ബിജെപി മണ്ഡലം പ്രസിഡന്റ് ഹരീഷ് കഞ്ചിപിലി, നേതാക്കളായ സുരേഷ് കണെമരടുക്ക, സുബോദ് ഷെട്ടി മേനാല, ബിജെപി ദേലംപാടി പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രദീപ്കുമാർ ബള്ളകാന, ജനറൽ സെക്രട്ടറി ദിലീപ്, കൃഷ്ണ മണിയാണി തുടങ്ങിയവർ സംബന്ധിച്ചു.