ഇസ്ലാമാബാദ്:
മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. 40കാരനായ ഷാഹിദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ഷാഹിദ് തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അഫ്രീദി തന്റെ അസുഖത്തെ കുറിച്ച് വിവരിച്ചത് ഇങ്ങനെ;
‘വ്യാഴാഴ്ച മുതല്‍ എനിക്ക് വല്ലാത്ത അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എന്റെ ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചെന്ന് പരിശോധന നടത്തി. നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ് ആയിരുന്നു. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്, ഇന്‍ഷാ അല്ല,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പാകിസ്ഥാനില്‍ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തെ മുന്‍ പാക് ക്രിക്കറ്റ് ഓപ്പണര്‍ തൗഫീഖ് ഉമറിനും കോവിഡ് പിടിപെട്ടിരുന്നു. അദ്ദേഹം വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചിരുന്നു.