തെഹറാന്:
ഖാസിം സുലൈമാനിയെ കൊലപ്പെടുത്തുന്നതിന് വിവരങ്ങള്‍ കൈമാറിയ സ്വന്തം പൗരനെ തൂക്കിലേറ്റുമെന്ന് ഇറാന്. അമേരിക്കയ്ക്കും ഇസ്രയേല്‍ ഇന്റലിജന്‍സ് സര്‍വീസിനും സുലൈമാനിയുടെ യാത്രാ വിവരങ്ങളും അദ്ദേഹം എവിടെയാണ് വരികയെന്നുമുള്ള കാര്യങ്ങള്‍ കൈമാറിയതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ജനുവരി മൂന്നിന് യുഎസ്സിന്റെ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്. മേഖലയിലെ ഇറാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സുലൈമാനിയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഇതിലൂടെ ഉണ്ടായിരുന്നു. യുഎസ് സേനയ്ക്ക് നേരെ ഇറാന് ആക്രമണം അഴിച്ചുവിട്ടിരുന്നു.
സിഐഎ, മൊസാദ് എന്നീ ചാരസംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹമ്മൂദ് മൂസാവി മജീദിനെയാണ് തൂക്കിലേറ്റാന്‍ ഇറാന് ഒരുങ്ങുന്നത്.
ഇയാള്‍ ഇവരുടെ ചാരനാണെന്നും, ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ശത്രുക്കള്‍ക്ക് സുലൈമാനിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയെന്ന് ജുഡീഷ്യറി വക്താവ് ഗോലാംഹുസൈന്‍ ഇസ്മായിലി പറഞ്ഞു. അതേസമയം എന്നാണ് മൂസാവിയെ തൂക്കിലേറ്റുകയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. ഇയാള്‍ വിവരങ്ങള്‍ കൈമാറിയത് എങ്ങനെയാണ് ഇറാന് കണ്ടെത്തിയതെന്ന കാര്യവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാനാണ് സാധ്യത.
മൂസാവിയുടെ വധശിക്ഷയിലേക്ക് നയിച്ച കാരണങ്ങള്‍ നിരവധിയുണ്ടെന്നാണ് സൂചന. നേരത്തെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് വേണ്ടി ഇറാനില്‍ പ്രവര്‍ത്തിക്കുന്ന 17 ചാരന്മാരെ പിടികൂടിയിരുന്നു. ഇവരില്‍ കുറച്ച് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന. മാസങ്ങള്‍ക്ക് മുമ്ബ് ആമിര്‍ റഹീംപോര്‍ എന്നയാള്‍ക്ക് ഇതേ രീതിയില്‍ വധശിക്ഷ വിധിച്ചിരുന്നു. യുഎസ്സിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് ചോര്‍ത്തി കൊടുക്കാന്‍ ഇയാള്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസ്സിനെതിരെ പ്രതികാര നടപടി ആരംഭിച്ചെന്നാണ് ഇറാന് വ്യക്തമാക്കുന്നത്.
നേരത്തെ സുലൈമാനി വധത്തിന് തിരിച്ചടിയായി ഇറാഖിലെ യുഎസ്സ് ക്യാമ്ബിനെ നേരെ മിസൈലാക്രമണം ഇറാന് നടത്തിയിരുന്നു. വലിയ നാശനഷ്ടമാണ് യുഎസ്സിന് നേരിട്ടതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അതേസമയം പ്രകോപനപരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യുക്രൈന്റെ വിമാനം പോലും ഇറാന് വെടിവെച്ചിട്ടിരുന്നു. 176 യാത്രക്കാര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ഇറാന്റെ വിശദീകരണം. അന്താരാഷ്ട്ര തലത്തില്‍ ഇറാനെ വലിയ സമ്മര്‍ദത്തിലാക്കിയ വിഷയമായിരുന്നു ഇത്. അതേസമയം യുഎസ്സിന്റെ പശ്ചിമേഷ്യന്‍ നീക്കങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാരപ്രവര്‍ത്തനം നടത്തിയവരെ ഇറാന് വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്.
സ്വന്തം പൗരനായാലും ഞങ്ങൾ തൂക്കിലേറ്റും ; ഇറാൻ
Read Time:4 Minute, 23 Second