കോഴിയിറച്ചി വില കുതിക്കുന്നു; ഒരു മാസം കൊണ്ട് 50 രൂപ കൂടി, സർക്കാർ ഇടപെടണമെന്ന് ഹോട്ടലുടമകൾ
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. ഒരു മാസം കൊണ്ട് 50 രൂപ വര്‍ധിച്ചതോടെ കിലോയ്ക്ക് 160 രൂപ പിന്നിട്ടു. ഇന്ധന വില വര്‍ധനയുണ്ടായാല്‍ 200 വരെ എത്തിയേക്കാം എന്ന ആശങ്കയാണ് വ്യാപാരികള്‍ക്ക്.
സർക്കാർ ഇടപെട്ട് വില നിയന്ത്രിക്കണമെന്ന് ഹോട്ടൽ വ്യാപാരികൾ ആവശ്യപ്പെടുന്നു. നാൾക്കു നാൾ വർദ്ധിക്കുന്ന കോഴി വില നിയന്ത്രിച്ചില്ലെങ്കിൽ ഹോട്ടൽ വ്യാപാരത്തിൽ പിടിച്ച് നിൽക്കാൻ പ്രയാസമാണെന്നും ഇവർ പറയുന്നു.
ജനുവരി അവസാനം 115 രൂപയായിരുന്നത് ഇന്നലെ 156 ലെത്തി. വരും ദിവസങ്ങളിലും കൂടിയേക്കും. വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഇറച്ചിക്കോഴികളെ കിട്ടാനില്ലാത്തതാണ്. ചൂട് കാരണം മുട്ടകള്‍ വിരിയാതായതോടെ മുന്‍പ് എത്തിയിരുന്നതിന്റെ അറുപത് ശതമാനം കോഴികള്‍ മാത്രമാണ് മാര്‍ക്കറ്റിലെത്തുന്നത്. അതോടെ കോഴിക്കുഞ്ഞിന്റെ വില 16ല്‍ നിന്ന് 37 ലേക്ക് കുതിച്ചതും വിലക്കയറ്റത്തിന് കാരണമായി. കോവിഡിന് ശേഷം പല കാരണങ്ങള്‍ കൊണ്ട് പിന്നീടൊരിക്കലും നല്ല വ്യാപാരം ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.മുന്‍പ് ഉണ്ടായിരുന്ന വ്യാപാരത്തിന്റെ മുപ്പത് ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. അതിനാല്‍ വില കൂടുന്നത് വാങ്ങാനെത്തുന്നവര്‍ക്ക് മാത്രമല്ല, വില്‍ക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്ന കാലമാണ്.