ഒഴിഞ്ഞ കുപ്പികളിൽ വെള്ളം നിറച്ച് വിൽപന; 4 കോടിയുടെ വ്യാജ വാക്സിനുകളും പരിശോധന കിറ്റുകളും പിടിച്ചെടുത്തു

0 1
Read Time:5 Minute, 9 Second

ഒഴിഞ്ഞ കുപ്പികളിൽ വെള്ളം നിറച്ച് വിൽപന; 4 കോടിയുടെ വ്യാജ വാക്സിനുകളും പരിശോധന കിറ്റുകളും പിടിച്ചെടുത്തു

കോവിഡ് ഭീഷണി നാൾക്കുനാൾ ശക്തിപ്പെട്ടുവരുന്നതിനിടെ കോടികളുടെ വ്യാജ വാക്സിനുകളും മരുന്നുകളും ‘നിർമിച്ച്’ വിതരണം ചെയ്യുന്ന സംഘം പിടിയിൽ. ഒഴിഞ്ഞ കോവിഡ് വാക്സിൻ കുപ്പികളിൽ വെള്ളം നിറച്ച് ആശുപത്രികളിൽ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്.

4 കോടിയോളം വില വരുന്ന വ്യാജ കോവിഡ് വാക്സിനുകളും മരുന്നുകളും പരിശോധന കിറ്റുകളും പിടിച്ചെടുത്തു.

ഉത്തർപ്രദേശിലെ വരാണസിയിൽ നിന്ന് ഡൽഹി വഴി രാജ്യമാകെ വ്യാജ വാക്സിനുകളും മരുന്നും വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഫുഡ്സ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനും ഉത്തർപ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്നുകളുമായി സംഘ പിടിയിലായത്.വരാണസിയിൽ വീട് വാടകക്കെടുത്താണ് സംഘം വ്യാജ വാക്സിനുകൾ ‘നിർമിച്ചിരുന്നത്’. വരാണസിയിൽ നിന്ന് അഞ്ചു പേരും ഡൽഹിയിൽ നിന്ന് ഒമ്പതു പേരുമാണ് പിടിയിലായത്. വരാണസിയിൽ നിർമിക്കുന്ന വ്യാജ വാക്സിനുകളും പരിശോധന കിറ്റുകളും ഡൽഹി വഴിയാണ് വിതരണം ചെയ്തിരുന്നത്. ഏറെയും സ്വകാര്യ ആശുപത്രികളിലൂടെയാണ് ഇവ വിൽപന നടത്തിയിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അധികൃതർ പറഞ്ഞതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്തു.കോവിഷീൽഡ്, സൈകോവ് ഡി വാക്സിനുകളുടെ വ്യാജങ്ങളാണ് പിടിച്ചെടുത്തത്. ഒഴിഞ്ഞ കുപ്പികളിൽ വെള്ളമാണ് നിറച്ചിരുന്നത്.

സൈകോവ് ഡി വാക്സിനുകൾ ബിഹാറിൽ വിതരണം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത് ഫെബ്രുവരി രണ്ടിനാണ്. എന്നാൽ, അതിന് മുമ്പ് തന്നെ അതിന്റെ വ്യാജം ഈ സംഘം വിപണിയി​ലെത്തിച്ചിരുന്നു. വരാണസിയിലെ ആശുപത്രികളിലൂടെ ഈ വ്യാജ വാക്സിനുകൾ വിൽപന നടത്തിയിരുന്നു.

ഒഴിഞ്ഞ കോവിഷീൽഡ് കുപ്പികളിൽ വെള്ളം നിറച്ച് പുതിയ മൂടിയും റാപ്പറുമിടാൻ 25 രൂപയാണ് സംഘത്തിന്റെ ചിലവ്. ആശുപത്രികളിലേക്ക് 300 രൂപക്കാണ് ഈ വാക്സിൻ സംഘം വിൽപന നടത്തിയിരുന്നത്. 6000 വയൽ വ്യാജ വാക്സിനുകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.കോവിഡ് ചികിത്സക്ക് ഉപയോഗിച്ചിരുന്ന റംഡെസിവിറിന്റെ 1550 വയലുകളും പിടിച്ചെടുത്തിട്ടുണ്ട്. ഗ്ലൂകോൺ ഡിയും വെള്ളവും ചേർത്ത് കുപ്പികളിൽ നിറച്ച് റാപ്പറുകൾ പതിക്കാനും പായ്ക്ക് ചെയ്യാനുമായി 100 രൂപയോളമാണ് ചെലവുണ്ടായിരുന്നത്. ഈ വ്യാജ മരുന്നുകൾ 3000 രൂപക്കാണ് വിറ്റിരുന്നത്.വ്യാജ കോവിഡ് പരിശോധന കിറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. വിപണിയിൽ നിന്ന് വാങ്ങുന്ന പ്രഗ്നൻസി കിറ്റുകൾ ഉപയോഗിച്ചാണ് വ്യാജ പരിശോധന കിറ്റുകൾ ‘നിർമിച്ചിരുന്നത്’. പരിശോധന സ്ട്രിപ്പിന്റെ പാക്കിങും റാപ്പറും മാറ്റുക മാത്രമാണ് ചെയ്തിരുന്നത്.മരുന്നുകൾ പാക്ക് ചെയ്യാനുപയോഗിച്ച യന്ത്രങ്ങളും ഒഴിഞ്ഞ വാക്സിൻ കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജ കോവിഡ് വാക്സിനുകൾ രാജ്യത്ത് പ്രചരിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അഞ്ച് എം.എൽ വയലുകളായി പുറത്തിറക്കിയിരുന്ന കോവിഷീൽഡിന്റെ രണ്ട് എം.എൽ വയലുകൾ വിപണിയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!