ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം പോരടിച്ചാൽ ഹിന്ദുരാഷ്ട്രമുണ്ടാകില്ലെന്ന് ആർഎസ്എസ് നേതാവ് റാം മാധവ്
ഹിന്ദൂയിസത്തിന്റെ കാതലായ ആശയം ബഹുസ്വരതയാണെന്ന് ആർഎസ്എസ് ദേശീയ നിർവാഹക സമിതി അംഗം റാം മാധവ്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം പോരടിക്കുകയാണെങ്കിൽ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാം മാധവ്.
ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കേണ്ട ഒരു സംഗതിയല്ല. ഹിന്ദുരാഷ്ട്രമെന്ന ആശയം ഒരു വികാരമാണ്. ഹിന്ദൂയിസത്തിന് ഒരു രാഷ്ട്രത്തിന്റെ ആവശ്യമില്ല. കാരണം വസുദൈവ കുടുംബകത്തിൽ വിശ്വസിക്കുന്നവരാണ് നമ്മൾ. നമ്മൾ എപ്പോഴും മതേതരരാണ്. രാജ്യത്ത് എല്ലാവർക്കും സ്ഥാനമുണ്ടെന്നതാണ് ഹിന്ദൂയിസമെന്ന ആശയം”-ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ റാം മാധവ് വ്യക്തമാക്കി.
പുറത്തുനിന്നുള്ള എല്ലാവർക്കുമുന്നിലും വാതിലടക്കുന്നതല്ല ആത്മനിർഭർ ഭാരതെന്ന സങ്കൽപമെന്നും റാം മാധവ് വ്യക്തമാക്കി. പുറത്തുനിന്നുള്ളവരെയും രാജ്യം സ്വീകരിക്കണം. അടിത്തട്ടിലുള്ളവരുടെ സമൃദ്ധിയിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.