മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക; ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും
ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്ത നിരോധന നിയമം (anti conversion bill ) നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍ (Karnataka government ). ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ക്രിസ്ത്യന്‍ പള്ളികളുടെ മുഴുവന്‍ കണക്കെടുക്കണമെന്നും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കണമെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.