തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ വിവാദ മറുപടി തിരുത്തും. സാങ്കേതിക പിഴവാണ് മറുപടി മാറാന്‍ കാരണമെന്നാണ് വിശദീകരണം. മറുപടി തിരുത്താന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് പിഴവുണ്ടായത്.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പരാമര്‍ശിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസില്‍ ചോദ്യോത്തരത്തിനുള്ള മറുപടി തയാറാക്കുന്നത്.
പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു വിഭാഗം മറുപടി തിരുത്തി. മറ്റൊരു വിഭാഗം ഇത് തിരുത്തിയിരുന്നില്ല. ഇതാണ് നിയമസഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിവാദ മറുപടി. ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരമൊരു മറുപടിയില്‍ വിവിധ സംഘടനകള്‍ അതൃപ്തിയറിയിച്ചു.

‘ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ദയിൽ പെട്ടില്ല’ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തില്‍ പിഴവ്; സഭയിലെ മറുപടി തിരുത്തും
Read Time:2 Minute, 16 Second