തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതിനായി ഇടപെടുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്.
ബലി പെരുന്നാള്‍ അടുക്കുന്നതിനിടെ ഇറച്ചിക്കോഴിയ്ക്ക് വില വര്‍ധിക്കുന്നത് ഹോട്ടലുകള്‍ക്കുള്‍പ്പെടെ പ്രതിസന്ധിയാകുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ഔട്‌ലെറ്റുകളില്‍ നിന്നും മിതമായ നിരക്കില്‍ ഇറച്ചിക്കോഴി ലഭ്യമാക്കുമെന്ന് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കോഴിത്തീറ്റയുടെ വില കൂടുന്നതാണ് ഇറച്ചിക്കോഴി വില ഉയരുന്നതിന്റെ പ്രധാന കാരണം. ഇത് നിയന്ത്രിക്കുന്നതിനായി കേരള ഫീഡിസ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത് കര്‍ഷകരിലേക്ക് എത്തിക്കുമെന്നും ഇറച്ചിക്കോഴി കൃഷി വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇറച്ചിക്കോഴി വില കൂടി ഉയര്‍ത്തുന്നതില്‍ ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന് ഹോട്ടല്‍ ഉടമകളും ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് 3 ലക്ഷത്തിലധം കോഴികളായിരുന്നു തീറ്റ കിട്ടാതെ ചത്തൊടുങ്ങിയത്. ഫാമുകളില്‍ നിന്നും കിലോയ്ക്ക് 10 രൂപയ്ക്കുള്‍പ്പെടെ ഇറച്ചിക്കോഴികള്‍ വിറ്റുപോയിരുന്നു.തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളുടെ വരവ് കുറഞ്ഞതും ഇറച്ചിക്കോഴികളുടെ വില ഉയരാന്‍ കാരണമായി. രണ്ടുമാസം മുന്‍പുവരെ ആയിരത്തോളം രൂപ മാത്രം വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് 2200 രൂപയാക്കി വര്‍ധിപ്പിച്ചതും മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും തിരിച്ചടിയാകുകയായിരുന്നു.

ഇറച്ചിക്കോഴി വില; ഇടപെട്ട് സര്‍ക്കാര്‍; കൃഷി കൂട്ടുമെന്നും വില നിയന്ത്രിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി
Read Time:2 Minute, 59 Second