കുമ്പള:
രാജ്യത്തെ മികച്ച സ്പോർട്സ് താരത്തിനുള്ള രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് സജീവമായി പരിഗണിക്കുന്ന മോട്ടോർ സ്പോർട്സ് ലൂടെ സാഹസികതയുടെ തോഴനായി രാജ്യത്തോളം വളർന്ന കാസർഗോഡ് പെർവാഡ് സ്വദേശി മൂസാ ഷെരീഫിന് ആശംസകൾ നേരാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും, അംഗങ്ങളും പെർവാട്ടെ വസതിയിലെത്തി.
മോട്ടോർ സ്പോർട്സിൽ നിന്ന് ഖേൽരത്ന പുരസ്കാരത്തിന് സമർപ്പിക്കപ്പെട്ട പട്ടികയിലെ ഒരേയൊരു താരമാണ് മൂസാശരീഫ്. ഇന്ത്യൻ കാർറാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായാണ് മൂസാ ശരീഫ് അറിയപ്പെടുന്നത്. ഈ മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി മൂസാ ശരീഫ് വാരിക്കൂട്ടിയ മെഡലുകൾ അനവധിയാണ്.
കാസർഗോഡ് ജില്ല ഈ ധന്യ നിമിഷത്തിനായി പ്രതീക്ഷയും, പ്രാർത്ഥനയുമായി കാത്തിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം നൽകി കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മൂസാ ഷെരീഫിനെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഷാൾ അണിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള, മെമ്പർമാരായ ഗോൾഡൻ റഹ്മാൻ, ജമീല സിദ്ദീഖ്, കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.എച്ച് റംല, പി മുഹമ്മദ് നിസാർ, സിദ്ദീഖ് ദണ്ഡഗോളി, മിഷാൽ റഹ്‌മാൻ എന്നിവരും സംബന്ധിച്ചു.