മംഗളൂരു: കാസറഗോഡ് ജില്ലയിലെ അതിർത്തികൾ കടന്ന് കർണ്ണാടകയിൽ പ്രവേശിക്കാൻ ആർ ടി പി സി ആർപരിശോധനാഫലം ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെക്ലേശങ്ങളും പരാതികളും പരിഹരിക്കാൻ നടപടികളാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ മജിസ്റ്ററേറ്റും ഡെപ്യൂട്ടികമ്മീഷണറുമായ ശ്രീ. കെ വി രാജേന്ദ്ര ഐ എ എസുമായി മഞ്ചേശ്വരം എം എൽ എ ശ്രീ. എ കെ എം അഷ്‌റഫ്കൂടിക്കാഴ്ച നടത്തി.
കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അതിർത്തിയിൽ വീണ്ടുംപരിശോധന ശക്തമാക്കിയതെന്നും പരിശോധനയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കില്ലെന്നും ജില്ലാ കളക്ടറുടെചുമതലയുള്ള അദ്ദേഹം ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു. 72 മണിക്കൂറിന് മുൻപ് നടത്തിയആർ.ടി.പി.സി.ആർ പരിശോധന ഫലം കൈവശമുണ്ടാവണമെന്നാണ് നിർദ്ദേശമെങ്കിലും ടെസ്റ്റ് നടത്താതെ യാത്രചെയ്യുന്നവർക്ക് റാപിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലങ്ങളിൽ ഉണ്ടായ പോലുള്ള തിക്താനുഭവങ്ങളും പ്രയാസങ്ങളും കേരളത്തിൽ നിന്നുള്ള ജനങ്ങൾനേരിടാതിരിക്കാൻ അതീവ ശ്രദ്ധയുണ്ടാവുമെന്നും കേരളത്തിലെ തിരുവനന്തപുരത്ത് സിവിൽ സർവീസ് പഠനംനടത്തിയ തനിക്ക് മലയാളി സമൂഹത്തോട് വലിയ ഹൃദയബന്ധമാണുള്ളതെന്നും ശ്രീ. കെ വി രാജേന്ദ്ര എ കെഎം അഷ്റഫിനോട് പറഞ്ഞു.