ബംഗളൂരു:
കോവിഡ് പശ്ചാത്തലത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ വ്യത്യസ്ത മാര്‍ഗരേഖയുമായി ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുന്‍പ്, പ്രതി കുളിച്ചതായും വസ്ത്രം മാറിയതായും ഉറപ്പാക്കണമെന്നാണ് പൊലീസുകാര്‍ക്കുളള സിറ്റി പൊലീസ് കമ്മീഷണറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ബംഗളൂരു സിറ്റി പൊലീസിലെ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.
ബംഗളൂരു സിറ്റി പൊലീസ് സേനയില്‍ 16000 ജീവനക്കാരാണ് ഉളളത്. ഇതില്‍ 38 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. നാലുദിവസത്തിനിടെ രണ്ടുപേര്‍ക്ക് മരണവും സംഭവിച്ചു. 250 പൊലീസുകാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്ക്കര്‍ റാവു നിര്‍ദേശിച്ചത്.
‘ഒരു പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുന്‍പ്, അയാള്‍ തൊട്ടുമുന്‍പ് കുളിച്ചിരുന്നതായി ഉറപ്പുവരുത്തണം. വസ്ത്രങ്ങള്‍ മാറിയെന്നും ഉറപ്പാക്കണം. വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്യുന്നതെങ്കില്‍, വീട്ടില്‍ വച്ച് തന്നെ കുളിക്കാന്‍ നിര്‍ദേശിക്കണം. അല്ലെങ്കില്‍ തൊട്ടടുത്തുളള പൊതു ശുചിമുറിയില്‍ കൊണ്ടുപോകണം. വസ്ത്രങ്ങളും മാറിയ ശേഷം മാത്രമേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ പാടുളളൂ. ഇത് എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. എങ്കിലും അവസരം കിട്ടിയാല്‍ ഈ മുന്‍കരുതല്‍ സ്വീകരിക്കാന്‍ മറക്കരുത്’- കമ്മീഷണറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മതിയായ ശുചിത്വം പാലിച്ചു എന്ന് ഉറപ്പാക്കിയ ശേഷം സ്റ്റേഷനില്‍ പ്രതിയെ എത്തിക്കുക. ഉടന്‍ തന്നെ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കണം. അതുവരെ പ്രതി നിശ്ചിത അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും ഭാസ്ക്കര്‍ റാവു നിര്‍ദേശിച്ചു.