ന്യൂയോർക്ക്: വിചിത്രമായ പലതരം ഫാഷന്‍ ട്രെന്‍ഡുകള്‍ സോഷ്യല്‍ മീഡിയില്‍ പുതിയൊരു സംഭവമല്ല. എങ്കിലും വലിയ പ്രത്യേകതകളൊന്നും ഇല്ലാതെ വിചിത്രമായ ഒരു വസ്ത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. കെഎഫ്സി ,എക്സ് ക്രോക്സ് ചെരിപ്പ്, മോഷിനോ ക്രോയിസന്റ് ബാഗ്, സാറ ആം വാമേഴ്സ് തുടങ്ങി ലോക പ്രശസ്തമായ ബ്രാന്റുകളുടെ വിചിത്രമായ നിരവധി ട്രെന്‍ഡുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം വിചിത്ര ട്രെന്‍ഡുകള്‍ ഇഷ്ടമുള്ളവരും ഇഷ്ടപ്പെടാത്തവരും ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതൊന്നും വൈറല്‍ ആവാതിരുന്നിട്ടില്ല.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് വിചിത്രമായ ഡിസൈനിലുള്ള ഒരു ജീന്‍സാണ്. ജീന്‍സിന് സാധാരണ പാന്റുകളെക്കാള് വേറെ പ്രത്യേകതയൊന്നുമില്ല. എന്നാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഇതിനെ വൈറലാക്കിയത്. പുറമേ നിന്ന് കാണുന്നവര്‍ക്ക് ഈ ജീന്‍സ് ധരിച്ചിരിക്കുന്നയാള്‍ പാന്റില്‍ മൂത്രമൊഴിച്ചതാണെന്ന് മാത്രമേ കരുതുകയുള്ളൂ. ന്യൂയോര്‍ക്കിലുള്ള വെറ്റ് പാന്റ് ഡെനിംസ് എന്ന കമ്ബനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്. ‘നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീല്‍’ എന്നതാണ് കമ്ബനിയുടെ പരസ്യ വാചകം തന്നെ. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്ബനി വിപണിയില്‍ എത്തിക്കുന്നുണ്ട്.
എന്നാല്‍, ഇത്തരത്തിലൊരു വിചിത്ര ഡിസൈനില്‍ ജീന്‍സ് വിപണിയില്‍ എത്തിക്കുന്നതിനും ഒരു കാരണമുണ്ട്. ചിലര്‍ ഒരു കൗതുകത്തിനായി പാന്റില്‍ മൂത്രമൊഴിക്കുന്നവരാണെന്നും അവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് ഈ നനഞ്ഞ ലുക്കുള്ള പാന്റ് ഡിസൈന്‍ ചെയ്തതെന്നും വെറ്റ് പാന്റ് ഡെനിം സിഇഒ പറയുന്നു.
പാന്റില്‍ മൂത്രം ഒഴിക്കുന്നവര്‍ക്ക് മണിക്കൂറുകളോളം നനഞ്ഞ വസ്ത്രം ധരിക്കേണ്ടിവരും. ഇത്തരത്തില്‍ വേറെ വഴിയില്ലാതെ നനഞ്ഞ പാന്റിട്ട് നടക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ ഡിസൈന്‍. ഒരേസമയം, വെറ്റ് ലുക്കുള്ള പാന്റുമിടാം എന്നാല്‍ നനയുകയും വേണ്ടെന്ന് കമ്ബനിയുടെ പേര് വെളിപ്പെടുത്താത്ത സിഇഒ മെല്‍ മാഗസിനോട് പറയുന്നു.
പ്രധാനമായും ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സിഇഒ പറയുന്നു. ഇത്തരത്തിലുള്ള ഡിസൈന്‍ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലുമുണ്ട്. പ്രധാന നഗരങ്ങളിലെ ഫാഷന്‍ താല്പര്യങ്ങളും ബ്രാന്‍ഡിങ് രീതികളും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ സ്വഭാവവും പഠിക്കുകയാണ്. ഇത്തരത്തില്‍ ബ്രാന്റിങ്ങിലുള്ള ഒരു പരീക്ഷണമാണ് പുതിയ ഡിസൈനിനു പിന്നില്‍. ഇതിന്റെ ഫലമനുസരിച്ച് വ്യത്യസ്തമായ കൂടുതല്‍ ഡിസൈനുകള്‍ പുറത്തിറക്കുമെന്നും സിഇഒ പറയുന്നു.
സംഗതി എന്തായാലും ഈ നനഞ്ഞ പാന്റിനെ ഏറ്റടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തങ്ങള്‍ക്ക് ഒരിക്കലെങ്കിലും ഈ നനഞ്ഞ ജീന്‍സ് ധരിച്ച് നോക്കണമെന്നാണ് റെഡ്ഡിറ്റിലുള്ള ചില നെറ്റിസണ്‍സ് പറയുന്നത്. എന്നാല്‍ ട്വിറ്ററിലുള്ള മിക്കവാറും യുസര്‍മാര്‍ ഇതിന് അധികം പ്രാധാന്യം നല്‍കുന്നില്ല. ഈ വിചിത്ര ഡിസൈന്‍ ഇഷ്ടപ്പെടുന്നവരും പരിഹസിക്കുന്നവരും ഉണ്ടെങ്കിലും ഇത്തരത്തിലുള്ള വ്യത്യസ്ത ഫാഷന്‍ ട്രെന്‍ഡുകള്‍ ഇനിയും വേണമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.