വാഷിംഗ്ടണ്‍:മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള പടുകൂറ്റന്‍ ഹോട്ടലും കാസിനോയും തകര്‍ക്കാനെടുത്തത് വെറും 20 സെക്കന്‍ഡ്. 34 നിലകളുളള ഹോട്ടല്‍ തകര്‍ക്കാന്‍ അതിശക്ത സ്ഫോടനശേഷിയുളള 3,000 ഡൈനാമിറ്റുകളാണ് വേണ്ടിവന്നത്.നിശ്ചിത ഇടവേളകളില്‍ ഡൈനാമിറ്റുകള്‍ ഒന്നൊന്നായി പൊട്ടിയപ്പോള്‍ ന്യൂജേഴ്സിലെ അറ്റ്ലാന്റിക് സിറ്റിയില്‍ തലയുയര്‍ത്തിനിന്നിരുന്ന കെട്ടിടം നിമിഷനേരംകൊണ്ട് വെറും കോണ്‍ക്രീറ്റ് കൂനയായി. തൊട്ടടുത്തുളള കെട്ടിടങ്ങള്‍ക്കൊന്നും ഒരു പോറല്പോലുമേല്ക്കാതെയാണ് ഹോട്ടല്‍ സമുച്ചയം തകര്‍ത്തത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെയായിരുന്നു സ്ഫോടനം നടത്തിയത്. നൂറുകണക്കിന് പേരാണ് ഇത് കാണാനായി എത്തിയത്.1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്. ഏറെനാള്‍ സെലിബ്രിറ്റികള്‍ക്ക് അടിപൊളി പാര്‍ട്ടികളും മറ്റും നടത്താനുളള ഒരു ഹോട്ട്സ്പോട്ടായിരുന്നു ഈ ഹോട്ടല്‍. പക്ഷേ, കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു. സെലിബ്രിറ്റികള്‍ പതിയെപ്പതിയെ ഹോട്ടലിനെ ഉപേക്ഷിച്ചു. 2009 ആയപ്പോള്‍ ട്രംപ് കാസിനോയുമായുളള ബന്ധം ഉപേക്ഷിച്ചു. 2014ല്‍ ഹോട്ടല്‍ പൂട്ടി.ഗതകാല പ്രൗഡിയോടെ നിന്നകെട്ടിടത്തിന് ഇടയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുതുടങ്ങി. ചില ഭാഗങ്ങള്‍ തകരാനും തുടങ്ങി. ഇതാേടെയാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹോട്ടല്‍ നിന്നിരുന്ന സ്ഥലത്ത് മറ്റെന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമോ എന്ന് വ്യക്തമല്ല.
ട്രംപിന്റെ ഹോട്ടൽ തകർത്തു തരിപ്പണമാക്കിയത് വെറും 20സെക്കന്റിൽ ; ഉപയോഗിച്ചത് 3000ഡൈനാമിറ്റുകൾ
Read Time:2 Minute, 27 Second