കാഠ്മണ്ഡു: അയല്‍രാജ്യമായ നേപ്പാളില്‍ ഇന്ധനവില ഇന്ത്യയെ അപേക്ഷിച്ച് ഏറെ താഴ്ന്ന നിരക്കില്‍. ഡീസല്‍ ലിറ്ററിന് 58 രൂപയും (93.5 നേപ്പാള്‍ രൂപ) പെട്രോള്‍ 69 രൂപയുമാണ് (110 നേപ്പാള്‍ രൂപ) വില. ഇതോടെ നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ധന കള്ളക്കടത്ത് വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേപ്പാളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടാങ്കര്‍ ഡീസല്‍ അതിര്‍ത്തിയില്‍ പിടികൂടി.
1060 ലിറ്റര്‍ ഡീസലാണ് നേപ്പാള്‍ പൊലീസ് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റുചെയ്തു. ഇന്ത്യയില്‍ അടിക്കടി വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ ഇന്ധനം നേപ്പാളില്‍ നിന്ന് കടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
ബിഹാറിലെ സീതാമാര്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ അതിര്‍ത്തിഗ്രാമങ്ങളിലെ ജനങ്ങള്‍ നേപ്പാളില്‍ ചെന്ന് ഇന്ധനം നിറക്കുന്ന പതിവ് മുമ്ബേയുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ യാത്രാവിലക്കില്ല. വാഹനങ്ങളില്‍ ഇന്ധനം നിറച്ച് സ്വഗ്രാമങ്ങളില്‍ എത്തിച്ച് വിലകൂട്ടി വില്‍ക്കുന്നവരും ഉണ്ട്.
നേപ്പാളില്‍ ഇന്ധന നികുതി കുറവായതാണ് കുറഞ്ഞ വിലയ്ക്ക് കാരണം. അതേസമയം, ഇന്ത്യയില്‍ തുടര്‍ച്ചയായ പത്താം ദിവസവും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.