തിരുവനന്തപുരം: ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോര്പ്പറേഷന് പിടിക്കാന്‍ മുന്നണികള്‍. സിപിഎം നിശ്ചയിച്ച
സ്ഥനാര്‍ത്ഥികളില്‍ പകുതിയിലേറെ പേരുടേയും പ്രായം 40 വയസിന് താഴേയാണ്. ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെറുപ്പക്കാര്‍ക്ക് തന്നെയാണ് മുന്‍ഗണന.
തലസ്ഥാനത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടതുമുന്നണി ബഹുദൂരം മുന്നിലാണ്. ഭൂരിപക്ഷം വാര്‍ഡുകളിലും സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി പ്രചാരണം തുടങ്ങി. ചെറുപ്പമാണ് മാനദണ്ഡം. മുടവന്മുഗള് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ആര്യക്ക് വയസ് 21. വഞ്ചിയൂരിലെ ഗായത്രി ബാബുവിന് 23 വയസ്. നിലവില്‍ വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലറായ ബാബുവിന്റെ മകള്‍ ഗായത്രി കോളേജില്‍ നിന്ന് നേരിട്ട് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തികയാണ്.
ചെറുവയ്ക്കലിലെ സൂര്യ ഹേമനും കേശവദാസപുരത്തെ അംശു വാനദേവനും പേട്ടയിലെ സി എസ് സുജേദേവിയും പുതിയ മുഖങ്ങള്‍. കഴിഞ്ഞ കൗണ്‍സിലിലെ ചെറുപ്പക്കാരി വിദ്യമോഹന് ഇത്തവണ ജഗതിയില്‍ നിന്ന് ജനവിധി തേടുന്നു.
യുഡിഎഫ് ലിസ്റ്റിലും യുവനിരക്കാണ് പ്രാമുഖ്യം. മഹിളാകോണ്‍ഗ്രസ് മുന്‍ നേതാവ് സ്വപ്ന ജോര്‍ജ് ,വീണ നായര്‍ തുടങ്ങിയവരാണ് പരിഗണനയില്‍. എന്നാല്‍ ഘടകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച നീളുന്നതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസില്‍ വൈകുകയാണ്.
ബിജെപിയും നിലവിലുള്ള കൗണ്‍സിലര്‍മാര്‍ക്ക് പുറമേ പുതുമുഖങ്ങളെയും തേടുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തിരക്കിലാണ് പാര്‍ട്ടി. അതിന് ശേഷം സ്ഥാനാര്‍ത്ഥികളെ ഒരുമിച്ച് പ്രഖ്യാപിക്കാനാണ് നീക്കം.