മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കാസര്‍കോട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഉള്ളാള്‍ പ്രദേശത്ത്. കൊവിഡ് ബാധിച്ചവരുമായി ബന്ധപ്പെട്ട് സ്ഥല മാപ്പിംഗ് നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം ജെ രൂപ വ്യക്തമാക്കി. ഉള്ളാള്‍ പ്രദേശത്ത് ഒരു സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ 200 പേരില്‍ നടത്തിയ റാന്റം പരിശോധനയില്‍ 174 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നാണ് കണ്ടെത്തിയത്.
ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ക്കും മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ജീവനക്കാര്‍ക്കും കൂട്ടത്തോടെ കോവിഡ് ബാധിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. മംഗളൂരുവിലടക്കം ദക്ഷിണകന്നഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 413 കണ്ടെയ്മെന്റ് സോണുകളുണ്ട്. മംഗളൂരു കോര്പ്പറേഷന് കീഴിലുള്ള 30,40,41,45,47,57 വാര്‍ഡുകളിലും ബണ്ട്വാള്‍ മുനിസിപ്പാലിറ്റി ടൗണ്‍, പുത്തൂര്‍ മുനിസിപ്പാലിറ്റി പരിധി എന്നിവിടങ്ങളിലുമാണ് കോവിഡ് പോസിറ്റീവായവര്‍ കൂടുതലുമുള്ളത്.
വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കൂടുതല്‍ കോവിഡ് ബാധിതരുള്ള സ്ഥലം കണ്ടെത്തി വാര്‍ഡ് തിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളാള്‍ പ്രദേശത്ത് സ്ഥിതി ഗുരുതരമായതിനാല്‍ പൊലീസ് പട്രോളിംഗ് നടത്തിവരികയാണ്. ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊതുസ്ഥലത്തുള്ള ജനസമ്പര്‍ക്കം നിയന്ത്രിക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.
ദക്ഷിണകന്നഡ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നിരിക്കുകയാണ്. ഉറവിടം കണ്ടെത്താത്ത 166 പേരടക്കം 196 പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. ബെല്‍ത്തങ്ങാടിയിലെ അറുപതുകാരന്, പുത്തൂരിലെ അമ്പതുകാരന്, മംഗളൂരുവിലെ 72കാരന്, ബല്ലാല്‍ബാഗിലെ അറുപതുകാരി, ബന്ദറിലെ അറുപത്തെട്ടുകാരി എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ഉഡുപ്പി ജില്ലയില്‍ ദാവങ്കരെ സ്വദേശിയായ 72കാരനും കോവിഡ് ബാധിച്ച് മരിച്ചു.