ഇന്ത്യ-യുഎഇ-സൗദി പുതിയ പാത; റൂട്ട് ഇങ്ങനെ… അമേരിക്കയുടെ താല്‍പ്പര്യം മറ്റൊന്ന്
ന്യൂഡല്‍ഹിയില്‍ ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ച ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് പാത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാത യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ നേട്ടം ലഭിക്കുന്ന രാജ്യമാകും ഇന്ത്യ. യൂറോപ്പിലേക്ക് ചരക്കുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാത വരുന്നത്. എന്നാല്‍ പാത കടന്നുപോകുന്ന രാജ്യങ്ങള്‍ക്കെല്ലാം നേട്ടം ലഭിക്കും.
രണ്ടര വര്‍ഷമായി പാതയുടെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ജി20 ഉച്ചകോടിയില്‍ വച്ചാണ് വൈകാതെ യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായത്. യുഎഇ, സൗദി, യുഎസ്, യൂറോപ്പ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. സൗദി-യുഎഇ-ഇന്ത്യ-യുഎസ് എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ കഴിഞ്ഞ മെയില്‍ നടത്തിയ ചര്‍ച്ചയാണ് നടപടികള്‍ വേഗത്തിലാക്കിയത്.
ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം ചരക്കുകള്‍ യുഎഇയിലെ ഫുജൈറ തുറമുഖത്തേക്കാണ് ആദ്യം എത്തിക്കുക. അവിടെ നിന്ന് സൗദി അറേബ്യയും ജോര്‍ദാനും വഴി റെയില്‍ പാതയിലൂടെ 2650 കിലോമീറ്റര്‍ അകലെ ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്കും. പിന്നീട് യൂറോപ്പിലേക്കും പാത നീളുന്നു. റെയില്‍വേ പാതയുടെ നിര്‍മാണം 1850 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി കൂടി സൗദി നിര്‍മിച്ചാലേ ഇസ്രായേല്‍ തുറമുഖത്തേക്ക് ചരക്കെത്തൂ.
ഇന്ത്യയില്‍ നിന്ന് തുടങ്ങുന്ന കപ്പല്‍ പാതയുടെ ഭാഗമാകാന്‍ വിയറ്റ്നാം, നേപ്പാള്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും അവസരമുണ്ടാകും. ഇതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ചരക്കുകള്‍ യൂറോപ്പിലേക്ക് അതിവേഗം എത്തും. മേഖലയുടെ മൊത്തമായ പുരോഗതിക്ക് കളമൊരുക്കുന്നതാകും പാത. ഏഷ്യന്‍ ചരക്കുകള്‍ അതിവേഗം ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെത്തുന്നത് ഇരുമേഖലയ്ക്കും നേട്ടമാകും.
നരേന്ദ്ര മോദി ജി20 യോഗത്തില്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ റെയില്‍പാത പൂര്‍ത്തിയായാല്‍ മാത്രമാണ് പദ്ധതിയുടെ ഉദ്ദേശിച്ച ഗുണം ലഭിക്കൂ. റെയില്‍പാത നിര്‍മിക്കാന്‍ ഇന്ത്യയും അമേരിക്കയും അടിസ്ഥാന സൗകര്യമൊരുക്കും. സൗരോര്‍ജം ഉപയോഗിച്ചാകും ട്രെയിന്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുക.
ചരക്കുകള്‍ 72 മണിക്കൂറില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതാണ് പാതയുടെ നേട്ടമായി പറയുന്നത്. ഇസ്രായേലിലെ ഹൈഫ തുറമുഖം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്. ഇന്ത്യന്‍ കമ്പനിയാണ് ഈ തുറമുഖത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. പാത കടന്നുപോകുന്ന രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മുന്‍കൈയ്യെടുക്കേണ്ടത് അതാത് സര്‍ക്കാരുകളാണ്. എന്നാല്‍ ഗുണഭോക്തൃരാജ്യങ്ങളുടെ സഹായമുണ്ടാകും.
പ്രത്യക്ഷത്തില്‍ അമേരിക്കക്ക്⁶ നേട്ടമില്ലാത്ത പദ്ധതിയാണിത്. എങ്കിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ അമേരിക്കയും സഹകരിക്കുന്നുണ്ട്. ചൈനയുടെ മുന്നേറ്റം തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ചൈന പാകിസ്താന് വഴി പശ്ചിമേഷ്യയിലേക്ക് പുതിയ പാത ഒരുക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് മേഖലയിലെ മറ്റു പ്രധാന രാജ്യങ്ങളെ ചേര്‍ത്ത് പുതിയ പാത നിര്‍മിക്കാന്‍ അമേരിക്ക മുന്‍കൈയ്യെടുക്കുന്നത്.