ചൂടുകാലത്ത് വെള്ളംകുടിപ്പിച്ച് ചെറുനാരങ്ങ വില
പാലക്കാട്: കൊടുംചൂടില്‍ വെന്തുരുകുന്ന ജനങ്ങളെ ‘പിഴിഞ്ഞ്’ ചെറുനാരങ്ങാ വില ഉയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലധികമായി.
ശനിയാഴ്ച കിലോയ്ക്ക് 150 രൂപയായിരുന്നത് ഞായറാഴ്ച 10 രൂപ കൂടി 160ലെത്തി. ഒരു മാസം മുമ്ബ് കിലോയ്ക്ക് 50 – 60 രൂപയായിരുന്നതാണ് ഇപ്പോള്‍ കുതിച്ചുയര്‍ന്നത്. ചൂടു കൂടിയതോടെ നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവര്‍ദ്ധനയ്ക്കു കാരണം. വിലവര്‍ദ്ധനവ് ബേക്കറികള്‍, ജ്യൂസ് കടകള്‍ തുടങ്ങിയവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
വേനലില്‍ പൊതുവേ ചെറുനാരങ്ങയുടെ വില വര്‍ദ്ധിക്കാറുണ്ടെങ്കിലും ഇത്തവണ പതിവിലും നേരത്തേ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വില കിലോഗ്രാമിന് 200 രൂപ കടന്നിരുന്നു. ഇതേത്തുടര്‍ന്നു ബേക്കറികളില്‍ നാരങ്ങാവെള്ളം, സോഡാ നാരങ്ങാവെള്ളം എന്നിവയുടെ വിലയും കൂട്ടി.
ഒരു നാരങ്ങയ്ക്ക് 10 രൂപവരെ നല്‍കണം. ചില കടകള്‍ നാരങ്ങാവെള്ളത്തിന് 12- 20 രൂപ വരെ ഈടാക്കുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് നാരങ്ങ എത്തുന്നത്.
അച്ചാര്‍ കച്ചവടത്തെയും ബാധിക്കും
അച്ചാര്‍ ഉല്‍പാദനത്തെയും വിലവര്‍ദ്ധന ബാധിച്ചു തുടങ്ങി. തമിഴ്നാട്ടിലെ പുളിയം കുടിയില്‍ നിന്നാണ് പ്രധാനമായും ഇപ്പോള്‍ നാരങ്ങയെത്തുന്നത്. ആന്ധ്രയില്‍ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്കു കാരണമായി മൊത്തവ്യാപാരികള്‍ പറയുന്നത്. അധികം വൈകാതെ ചെറുനാരങ്ങയുടെ വരവ് വര്‍ദ്ധിക്കുമെന്നും വില കുറയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.