ഇരട്ട ഗോൾ വിജയം, അർജന്റീന പ്രീക്വാർട്ടറിൽ; തോറ്റെങ്കിലും മുന്നേറി പോളണ്ട്
ദോഹ∙ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റി പാഴാക്കിയ മത്സരത്തിൽ പോളണ്ടിനെ ഇരട്ട ഗോളുകൾക്കു തകർത്ത് പ്രീക്വാർട്ടർ ഉറപ്പിച്ച് അര്‍ജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ് (67) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. തുടക്കം മുതൽ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയിൽ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയിൽ അർജന്റീന ഗംഭീര തിരിച്ചുവരവു നടത്തി.
പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയിൽ മെസ്സി പെനല്‍റ്റി പാഴാക്കിയത് അർജന്റീന ആരാധകർക്കു നിരാശയായി. രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അർജന്റീന സി ഗ്രൂപ്പ് ചാംപ്യൻമാരായി. അർജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമൻമാരായി പ്രീക്വാർട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്.
അർജന്റീനയുടെ കോർണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് ഷെസ്നി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു. പത്താം മിനിറ്റിലെ മെസ്സിയുടെ ഗോൾ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അർജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയിൽ പോളണ്ടിന്റെ കളി.
36–ാം മിനിറ്റിൽ പോളണ്ട് ബോക്സിനുള്ളിൽ ഗോളി മെസ്സിയെ ഫൗള്‍ ചെയ്തതിൽ വാർ പരിശോധനകൾക്കു ശേഷം റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിച്ചു. എന്നാൽ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. പോളണ്ട് ഗോള്‍ കീപ്പർ വോസിയച് ഷെസ്നിയും അർജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. അർജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്നി പ്രതിരോധിച്ചത്. അർജന്റീനയുടെ 12 ഷോട്ടുകളിൽ ആദ്യ പകുതിയിൽ ഏഴെണ്ണം ഓൺ ടാർഗെറ്റായിരുന്നു.
അർജന്റീനയുടെ രണ്ടാം ഗോൾ: യുവതാരം എന്‍സോ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ജുലിയൻ അൽവാരെസിന്റെ ഗോൾ പിറന്നത്. പോളണ്ട് പ്രതിരോധ താരങ്ങൾ മുന്നിലുണ്ടായിട്ടും മികച്ചൊരു ഷോട്ടിലൂടെ അൽവാരെസിൽനിന്ന് പന്ത് പോളണ്ട് ഗോൾ കീപ്പറെ മറികടന്ന് വലയിൽ.