ഗഫൂർ ദേളി രചിച്ച “പ്രവാസി കുടുംബ കഥകൾ” എന്ന പുസ്തകം ദുബൈ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലും
ദുബായ്: കഥാകൃത്ത് ഗഫൂർ ദേളി രചിച്ച് കൈരളി ബുക്ക് പ്രസിദ്ധീകരിച്ച “പ്രവാസി കുടുംബ കഥകൾ” എന്ന കഥാ സമാഹാരം ദുബായിൽ പുതുതായി ആരംഭിച്ച മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ വായനക്കാർക്ക് ലഭിക്കും. 54000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഏഴ് നിലകളിലായി പ്രവർത്തിക്കുന്ന ലൈബ്രറിയിൽ മുപ്പത് ഭാഷകളിലുള്ള ഒരു മില്ല്യനിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന അറബ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറിയാണിത്. അച്ചടി പുസ്തകങ്ങൾ കൂടാതെ രണ്ട് മില്ല്യനിലധികം ഡിജിറ്റൽ പുസ്തകങ്ങളും, ഒരു മില്ല്യനിലധികം ഓഡിയോ പുസ്തകങ്ങളും വിശാലമായ ലൈബ്രറിയിൽ വായനക്കാർക്ക് ലഭ്യമാണ്.
കുടുംബ പശ്ചാത്തലത്തിലുള്ള ഏഴ് ചെറുകഥകൾ അടങ്ങിയ സമാഹാരം പ്രകാശനം കഴിഞ്ഞ് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. നല്ല വായനാ അനുഭൂതി നൽകുന്ന കഥകളാണ് ഓരോന്നും. പ്രൊഫസർ എം എ റഹ്മാൻ മാഷാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. അവതാരികയിൽ സമാഹാരത്തിലെ ഓരോ കഥകളെയും പരമാർശിക്കുന്നതോടൊപ്പം കഥകളുടെ ആരംഭത്തെ കുറിച്ചും, ഏതൊക്കെ സാഹചര്യത്തിൽ കഥകൾ ജനിക്കുന്നു എന്നതിനെ കുറിച്ച് ഒക്കെ മാഷ് നന്നായി വിവരിക്കുന്നുണ്ട്. ദീർഘ കാലം പ്രവാസിയായിരുന്ന ഗഫൂർ ദേളിയുടെ ആദ്യ കഥാ സമാഹാരമാണ് പ്രവാസി കുടുംബ കഥകൾ.