ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.
ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു. തിങ്കളാഴ്ച രാവിലെ 9.17-നാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ എന്റെ യാത്ര ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നുവെന്ന് രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വനിതാ ശാക്തീകരണത്തിനും ദളിത് ഉന്നമനത്തിനുമായി ഞാന്‍ പ്രവര്‍ത്തിക്കും. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും. സ്വാതന്ത്ര്യ സമര സേനാനികള്‍, ഭരണഘടന ശില്‍പ്പി ബിആര്‍ അംബേദ്കര്‍ എന്നിവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും
രാജ്യത്തെ പാവപ്പെട്ട മനുഷ്യര്‍ക്കും സ്വപ്നങ്ങള്‍ കാണാനും അവ നേടിയെടുക്കാനും സാധിക്കും എന്ന വലിയ സന്ദേശമാണ് തനിക്ക് കിട്ടിയ ഈ പദവി. നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗക്കാര്‍ക്ക് തന്നിലൂടെ ഒരു പ്രതിനിധിയുണ്ടായി എന്നത് വലിയ സംതൃപ്തി നല്കുന്ന കാര്യമാണ്.


