മലപ്പുറം to മക്ക: കാൽനടയായി ഹജ്ജിനൊരുങ്ങി ശിഹാബ്
മലപ്പുറം: പഴയ, കേട്ട് കേൾവിയുള്ള ചരിത്രം വീണ്ടും രചിക്കാൻ ഒരുങ്ങുകയാണ് മലയാളിയായ യുവാവ്. ഉപ്പൂപ്പമാരിൽ നിന്നും കേട്ട് അറിവ് മാത്രമുള്ള ‘നടന്ന് ഹജ്ജിന് പോകുന്നത്’ അനുഭവിച്ചറിയുകയാണ് മലപ്പുറം ജില്ലയിലെ ചോറ്റൂർ സ്വദേശി ശിഹാബ്. സഊദിയിൽ ആറ് വർഷത്തെ പ്രവാസകാലത്ത് പലതവണ ഉംറ നിർവഹിച്ചിട്ടുണ്ടെങ്കിലും നാട്ടിൽ നിന്ന് നടന്ന് ഹജ്ജിന് പോകണമെന്നത് ഏറെ നാളായി ഈ മുപ്പതുകാരന്റെ ആഗ്രമാണ്.
ഗതാഗത സൗകര്യം കുറവായിരുന്ന ആദ്യ കാലങ്ങളിൽ കാൽനടയായി ഹജ്ജിന് പോയിരുന്ന സ്ത്രീകൾ ഉൾപ്പെടെ കഥകളാണ് ഷിഹാബിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ വലിയ പ്രോത്സാഹനം നൽകിയത് ഉമ്മയായിരുന്നുവെന്നും ശിഹാബ് ചൂണ്ടിക്കാട്ടുന്നു. കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രോത്സാഹനമായപ്പോൾ ആഗ്രഹത്തിന് വേഗതയേറി.
74 ദിവസം വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്താനിൽ എത്തുകയാണ് ശിഹാബിന്റെ ആദ്യ ലക്ഷ്യം. ഊണും ഉറക്കവുമില്ലാതെ നടന്നാൽ വിശുദ്ധ മക്കയിലെ ഹറമിൽ എത്താൻ 54 ദിവസ മെടുക്കും. പക്ഷെ, മണിക്കൂറിൽ ഏഴ് കിലോമീറ്റർ നടക്കണം എങ്കിൽ മാത്രമേ ലക്ഷ്യം കൃത്യ സമയത്ത് പൂർത്തീകരിക്കാനാകൂ. എട്ട് മാസം കൊണ്ട് പൂർത്തീകരിക്കാമെന്നാണ് ശിഹാബിന്റെ കണക്ക് കൂട്ടൽ.
ജൂൺ രണ്ടിന് യാത്രതിരിക്കുന്ന ശിഹാബ്, 2023 ലെ ഹജ്ജിനാണ് എത്തിച്ചേരാൻ ലക്ഷ്യമിടുന്നത്. സൃഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചും സാംസ്കാരിക വൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചും സൃഷ്ടിപ്പിന്റെ അത്ഭുതങ്ങൾ കണ്ടും ഉള്ളതാണ് യാത്ര. മസ്ജിദുകളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും വിദ്വേഷങ്ങൾക്കെതിരായ സന്ദേശമാകും ശിഹാബിന്റെ യാത്ര. പാകിസ്ഥാൻ കൂടാതെ, ഇറാൻ, ഇറാഖ്, കുവൈറ്റ്, സഊദി അറേബ്യ എന്നീ രാജ്യ ങ്ങളിലൂടെയാണ് നടന്നുപോകുക. ഇവിടങ്ങളിലെല്ലാം 100 ദി വസത്തെ മാത്രം വിസയാണ് ലഭിക്കുക.അത് കൊണ്ട് തന്നെ മുൻകൂട്ടി തരപ്പെടുത്താൻ ആകില്ല. എങ്കിലും സമയമാസമയങ്ങളിൽ വിസ തരപ്പെടുത്താനായി ബംഗളൂരുവിലെ ഒരു ട്രാവൽ ഏജൻസി രംഗത്തുണ്ട്.
ഒമ്പത് മാസമായി ഹജ്ജ് യാത്രക്കുള്ള പ്രയത്നത്തിന് കു റുക്കോളി മൊയ്തീൻ എം. എൽ.എ, ഇ.ടി.മുഹമ്മദ്ബഷീർ എം.പി എന്നിവരുടെ സഹായ ഗുണം ചെയ്തു. പാകിസ്താൻ വഴി പോകാനുള്ള വിസ തരപ്പെടുത്തലാണ് വിസ വലിയ പ്രയാസമായതെന്ന് ശിഹാബ് പറയുന്നു. പാക് വിസ കിട്ടാനായി കഴിഞ്ഞ റമദാൻ കാലം ഡൽഹിയിൽ കഴിച്ചുകൂട്ടി. വിദേശകാര്യ ഓഫിസിലും പാകോൺസുലേറ്റിലും കയറിയിറങ്ങി. കെ എം.സി.സി നേതാക്കളുടെ ഇടപെടലിലൂടെ പാക് പൗരന്റെ ശുപാർശയിൽ വിസ കിട്ടി. തന്റെ ശ്രമങ്ങൾക്ക് ഡൽഹിയിൽ താങ്ങായ വ്യക്തികളെ ഓർത്തെടുത്ത ശിഹാബ്, സുനിൽ എന്ന സഹോദര സമുദായക്കാരന്റെ സേവനങ്ങൾ വിസ്മരിക്കാനാ വാത്തതാണെന്ന് പറഞ്ഞു.
ഹൈദരാബാദിൽ ജോലി ചെയ്യുന്ന സഹോദരൻ അബ്ദുൽ മനാഫാണ് ശിഹാബിന്റെ യാത്രയ്ക്ക് പിന്തുണയുമായി ഒപ്പമുള്ളത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബിന് യൂ ട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്. ശബ്നയാണ് ഭാര്യ. മുഅ്മിനസൈനബ് മകളാണ്.