കാസറഗോഡ്-മംഗലാപുരം റൂട്ടിൽ രാത്രികാല ബസ് യാത്രാ ദുരിതം,യാത്രക്കാർ വലയുന്നു; പരിഹാരം കാണാതെ അധികൃതർ
കാസറഗോഡ്: ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന കാസറഗോഡ്-മംഗലാപുരം റൂട്ടിൽ രാത്രികാല ബസ്സ് യാത്ര ദുരിതത്തിന് പരിഹാരം കാണാതെ അധികൃതർ കാസറഗോഡിനെ അവഗണിക്കുന്നു.
ഗതാഗത മന്ത്രിക്കും,എം.എൽ എ യ്ക്കും പരാതി നൽകിയിട്ടും പരിഹാരമാവുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
കഠിന ചൂട് കാരണം പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾ കൂടുതലും രാത്രി കാലങ്ങളിലാണ് ടൗണുകളിലെത്തുന്നത്. പക്ഷെ രാത്രി വൈകുവോളം ബസ് സർവീസ് ഇല്ലാത്തത് കാരണം കാസറഗോഡ് ടൗണിലെ കച്ചവടക്കാർ ഏഴ് മണിമുതൽ കടയടച്ച് ഓടുകയാണ് പതിവ്.
പരശുറാം,നേത്രാവതി,മംഗള എന്നീ ട്രെയിനുകളിൽ കാസറഗോഡ് എത്തുന്നവർക്കും ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്താൻ ബസ് ലഭിക്കാറില്ല. പരശുറാം എക്സ്പ്രസിന് കുമ്പളയിൽ സ്റ്റോപ് ഇല്ലാത്തതും ബസ്സിൽ ജനങ്ങൾ തിങ്ങി നിറയാൻ കാരണമാവുന്നു.
രാത്രി പത്ത് മണിവരെയെങ്കിലും കേരള/കർണാടക ബസ് സർവീസ് ലഭ്യമാക്കി പരിഹരിക്കണമെന്ന് കാസറഗോട്ടെ വ്യാപാരികളും മറ്റു യാത്രക്കാരും നിരന്തരമായി ആവശ്യമുന്നയിക്കുന്നു.
8.30 മണിക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമാണ് ഒരു ബസ് സർവീസ് ഉള്ളത്. ഈ ഒരുമണിക്കൂറിൽ 3ട്രെയിനുകളിൽ വരുന്ന യാത്രക്കാരും, ടൗണിലെ വ്യാപാരികളും ,മറ്റു യാത്രക്കാരും ഈ ഒരു ബസിനെ ആശ്രയിക്കേണ്ടി വരുന്നു. മുന്ന് ബസിൽ പോകേണ്ട യാത്രക്കാരെയാണ് ഈ ഒരു ബസിൽ കൊള്ളിക്കുന്നത്. ഈ ദുരിദത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ് .