മുംബൈയുടെ മുഖമുദ്രയായ ഡബിൾ ഡക്കർ റെഡ് ബസ് സർവീസ് നിർത്തലാക്കി
19.09.2023
മുംബൈ:
മുംബൈ നഗരത്തിലെ ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഇനി ഓര്‍മ്മകളിൽ. ഏവരുടെയും പ്രിയപ്പെട്ട നോൺ എസി ഡബിൾ ഡക്കർ റെഡ് ബസിൻ്റെ സേവനം നിർത്തി വെച്ചതോടെ ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്‍റെ (ബെസ്റ്റ്) ഒരു യുഗത്തിൻ്റെ അന്ത്യമാണ് സംഭവിച്ചിരിക്കുന്നത്.
ഇതിനോടകം വിടവാങ്ങൽ വീഡിയോ സോഷ്യൽ മീഡിയയിൽ നൂറുകണക്കിന് പേരാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചാണ് ബസ്, മാറോൾ ഡിപ്പോയിൽ നിന്നാണ് അന്തിമ യാത്ര ആരംഭിച്ചത്.
1937ലാണ് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ആദ്യമായി ബോംബെ നിരത്തിലിറങ്ങുന്നത്. 2008ല്‍ ഡബിൾ ഡക്കർ ബസുകളില്‍ ഭൂരിഭാഗത്തിന്‍റെ സര്‍വീസ് കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചു. 2023 ഫെബ്രുവരിയില്‍ ചുവന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് പകരം ചുവപ്പും കറുപ്പും നിറത്തിലുള്ള 25 ഇലക്ട്രിക് ഡബില്‍ ഡെക്കര്‍ ബസുകള്‍ കോര്‍പ്പറേഷന്‍ നിരത്തിലിറക്കി. എസി ബസുകളാണ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
ഈ ബസുകളില്‍ രണ്ടെണ്ണമെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിക്കണം എന്നാണ് ബസ് ആരാധാകരുടേയും യാത്രക്കാരുടേയും ആവശ്യം. ഇതാവശ്യപ്പെട്ട് ഇവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.