കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള നിഷേധത്തിനെതിരെ ‘മംഗൽപ്പാടി ജനകീയ വേദി’ രംഗത്ത്
കാസറഗോഡ്: മംഗൽപാടി പഞ്ചായത്തിൽ ഉപഭോക്താക്കൾക്ക് കുടിവെള്ളം നൽകാത്ത കേരള വാട്ടർ അതോറിറ്റി അധികാരികളുടെ നിലപാടിനെതിരെ മംഗൽപാടി ജനകീയ വേദി പ്രക്ഷോഭ പരിപാടിയുമായി രംഗത്ത്.
ഇത് സംബന്ധിച്ചുള്ള പരാതി മംഗൽപ്പാടി ജനകീയ വേദിയുടെ നേതാക്കൾ വാട്ടർ അതോറിറ്റി കാസർകോട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നേരിട്ട് സമർപ്പിച്ചു.
ജനകീയ വേദി ചെയർമാൻ അഡ്വക്കറ്റ് കരീം പൂന, സിദ്ദിഖ് കൈകമ്പ, സത്യൻ സി ഉപ്പള, അഷാഫ് മൂസ, സൈനുദ്ദീൻ അട്ക്ക എന്നിവരാണ് നിവേദനം നൽകിയത്.
പഞ്ചായത്ത് പരിധിയിൽ കുടിവെള്ളത്തിനായി ജലജീവൻ മിഷന്റെ പദ്ധതി പ്രകാരം കണക്ഷൻ എടുത്ത് വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളുടെ ദുരിതത്തെക്കുറിച്ച് അധികാരികളുമായി നേതാക്കൾ വിശദമായി ചർച്ച നടത്തി. സമഗ്രമായ വാദമുഖങ്ങൾക്കൊടുവിൽ വളരെ പെട്ടെന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയും പരിഹാരനടപടിയും സ്വീകരിക്കാമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സീമ ഗോപി, അസിസ്റ്റന്റ് എൻജിനീയർ മധു എന്നിവർ ഉറപ്പുനൽകി. കുടിവെള്ള പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.