ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്ഡ്
ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ (ബിബിസി) ഡൽഹി, മുംബൈ ഓഫീസുകളിൽ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്.
അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
റെയ്ഡിനിടെ ചില രേഖകൾ പിടിച്ചെടുത്തു. ജേർണലിസ്റ്റുകളുടെ ലാപ്ടോപുകളും ഫോണുകളും ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയി. പരിശോധന പൂർത്തിയാകുന്നത് വരെ ഓഫീസുകൾ സീൽ ചെയ്തു. എന്നാൽ റെയ്ഡല്ല സർവെയാണ് നടത്തുന്നതെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
നടപടി പൂർത്തിയാകുന്ന മുറയ്ക്ക് മാധ്യമപ്രവർത്തകരുടെ ഫോണുകൾ മടക്കി നൽകുമെന്നും അവർ അറിയിച്ചു.
ഡൽഹിയിലെ ഓഫീസിലെ റെയ്ഡിൽ 20 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തുവെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോൾ ഒരു വിവരങ്ങളും പുറത്തേക്ക് കൈമാറരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.