ഇന്ത്യ പരമ്പര നേടിയെങ്കിലും കാര്യവട്ടത്ത് കളി കാര്യമാകും
തിരുവനന്തപുരം : ഇന്ത്യ പരമ്പര നേടിയെങ്കിലും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് വേദിയൊരുക്കുന്ന മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തെ ടീമുകള്‍ കാര്യമായിത്തന്നെയെടുക്കും. ലോകകപ്പ് വര്‍ഷമായതിനാല്‍ അനുയോജ്യമായ ടീം കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരിക്കും ടീമുകള്‍.
ഇന്ന് ജയിച്ചാലും ഇല്ലെങ്കിലും നിരാശയോടെയാണ് ശ്രീലങ്കന്‍ ടീം മടങ്ങുക. മൂന്നു രൂപത്തിലുമുള്ള ക്രിക്കറ്റിലായി ഇന്ത്യയിലെ അവസാന 26 പരമ്പരകളില്‍ ഒന്നു പോലും ജയിക്കാന്‍ ശ്രീലങ്കക്കു സാധിച്ചിട്ടില്ല. ഉംറാന്‍ മാലിക് ലോകകപ്പ് പോലെ പ്രധാന ടൂര്‍ണമെന്റിന് സജ്ജമായോ? യുസവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നീ റിസ്റ്റ് സ്പിന്നര്‍മാരില്‍ ആരെയാണ് പരിഗണിക്കേണ്ടത് എന്നിവയാണ് ടീമിനെ കുഴക്കുന്ന പ്രധാന ചോദ്യങ്ങള്‍. ചുമല്‍ വേദനയുമായി ചഹല്‍ വിട്ടുനിന്ന രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് തകര്‍പ്പന്‍ ബൗളിംഗോടെ മാന്‍ ഓഫ് ദ മാച്ചായിരുന്നു.
ശ്രീലങ്കന്‍ ഓപണര്‍ പതും നിസങ്ക ആദ്യ ഏകദിനത്തില്‍ 72 റണ്‍സടിച്ചിരുന്നു. പുറംവേദന കാരണം നിസങ്ക വിട്ടുനിന്ന രണ്ടാം മത്സരത്തില്‍ അരങ്ങേറ്റക്കാരന്‍ നുവനീദു ഫെര്‍ണാണ്ടൊ അര്‍ധ ശതകം നേടി. മൂന്നാം മത്സരത്തില്‍ ആരെ പുറത്തിരുത്തുമെന്നതാണ് തലവേദന.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഒരേയൊരു ഏകദിനത്തില്‍ 2019 ല്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 104 ന് ഓളൗട്ടായിരുന്നു. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ലക്ഷ്യം നേടുകയും ചെയ്തു.
ഇന്ത്യ പരമ്പര നേടിയെങ്കിലും കാര്യവട്ടത്ത് കളി കാര്യമാകും
Read Time:2 Minute, 18 Second