ആളെക്കൂട്ടി വാട്സാപ്പ്; വീഡിയോ കോളിൽ 32 പേർ,ഒരു ഗ്രൂപ്പിൽ 1024 അംഗങ്ങൾവരെ
വാഷിങ്ടൺ: ഒരുപിടി പുതിയ ഫീച്ചറുകളുമായി മുഖംമിനുക്കി വാട്‍സാപ്പ്. വീഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 32 ആക്കിയതാണ് പ്രധാനമാറ്റം. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ സി. ഇ.ഒമാർക്ക് സക്കർബർഗാണ് വ്യാഴാഴ്ച വാട്സാപ്പിലെ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്.
ചാറ്റിൽത്തന്നെ അഭിപ്രായ സർവേ നടത്താനുള്ള സൗകര്യവും ഉൾപ്പെടുത്തി.
സിനിമ, യാത്ര എന്നിവയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇതുസഹായിക്കും. ഒരു ഗ്രൂപ്പിൽ ചേർക്കാവുന്ന അംഗങ്ങളുടെ എണ്ണം 512-ൽ നിന്ന് 1024 ആയി ഉയർത്താനും വാട്സാപ്പ് തീരുമാനിച്ചു.
കൂടുതൽ ആളുകളുമായി ഒരേസമയം ആശയവിനിമയം നടത്താൻ കഴിയുന്ന കമ്യൂണിറ്റി ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ കൂടുതൽ ആളുകൾക്ക് ഒരു അനൗൺസ്‍ മെന്റ് ചാനലിലൂടെ അഡ്മിൻമാർക്ക് സന്ദേശങ്ങൾ കൈമാറാനാകും.