അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ദുബായിലെ ആശുപത്രിയില്‍
ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ നടക്കും.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ ഒട്ടേറെ സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു.
13 സിനിമകളിൽ അഭിനയിച്ചു. ഒരെണ്ണം സംവിധാനം ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയർമാനായിരുന്നു അദ്ദേഹം. 2015ൽ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് ജയിൽമോചിതനായത്.
ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്. ഇതിനെത്തുടർന്ന് 2015 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം ദുബായിൽ ജയിലിലായി. കൂടെ മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു.