മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
ചെന്നൈ: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൻ്റെയും വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.
കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി.
ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല . സഭക്ക് അകത്തും പുറത്തും.