മദ്രസ പഠനത്തെ ബാധിക്കും; സ്കൂൾ സമയം മാറ്റണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമസ്ത
തിരുവനന്തപുരം: സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമ. ശിപാർശ അംഗീകരിക്കാനാകില്ലെന്ന് സമസ്ത പ്രസ്താവനയിറക്കി.
സ്കൂൾ സമയം എട്ടാക്കി മാറ്റുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ മദ്രസ പഠനത്തെ ബാധിക്കും. അതിനാൽ റിപ്പോർട്ട് തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാറും സർക്കാറിനോട് ആവശ്യപ്പെട്ടു.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് സ്കൂളുകൾ രാവിലെ പത്ത് മണി മുതലാണ് പ്രവർത്തിച്ച് തുടങ്ങുന്നത്. വർഷങ്ങളായി തുടരുന്ന സമയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്കൂൾ സമയ മാറ്റം ശക്തമായ എതിർപ്പ് കാരണം പിൻവലിച്ചതാണ്. വീണ്ടും സമയം മാറ്റാനുള്ള നിർദേശം അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിനാൽ സ്കൂൾ സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണിവരെ ആക്കി മാറ്റണമെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശിപാർശ. സമയക്രമത്തിൽ മാറ്റം വരുത്തുണമെന്ന റിപ്പോർട്ട് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.