പ്രശസ്ത ബോളിവുഡ് ഹാസ്യ നടൻ രാജു ശ്രീവാസ്തവ അന്തരിച്ചു
ന്യൂഡൽഹി∙ ജനപ്രിയ ഹാസ്യനടന്‍ രാജു ശ്രീവാസ്തവ(58) അന്തരിച്ചു. ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 10നാണ് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിനു ശേഷം സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. വെന്റിലേറ്ററിൽ അബോധാവസ്ഥയിലാണെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് സഹോദരൻ കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
2005 പുറത്തിറങ്ങിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സ്റ്റാൻഡ് അപ് കോമഡി രംഗത്ത് രാജു ശ്രദ്ധേയനാകുന്നത്. കോമഡി സർക്കസ്, ദ് കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ‘ഇന്ത്യാസ് ലാഫ്റ്റർ ചാംപ്യൻ’ പരിപാടിയില്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു.
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ കാൻപുരിൽനിന്നു മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യമായി പിന്തുണയില്ലെന്നു പറഞ്ഞ് അദ്ദേഹം പിന്മാറി. അതേവർഷം തന്നെ അദ്ദേഹം ബിജെപിയിൽ ചേർന്നു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ ഭാരത് അഭിയാനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജുവിനെ നിർദേശിച്ചിരുന്നു.