അഞ്ച് വയസ്സുകാരന്റെ ആഗ്രഹം സഫലീകരിച്ച് മഞ്ചേശ്വരം ജനമൈത്രി പോലീസ് ; സി.ഐയുടെ അനുവാദം ലഭിച്ചതോടെ പോലീസ് സ്റ്റേഷനിൽ പിറന്നാൾ ആഘോഷിച്ച് സഹൽ മോൻ
മഞ്ചേശ്വരം: അഞ്ച് വയസ്സുകാരനായ കുട്ടിയ്ക്ക് ഭാവിയിൽ പോലീസ് ആവണമെന്ന് വീട്ട്കാരോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാർ ജന്മദിനം ആഘോഷിക്കാൻ അനുവാദം തേടിയെത്തിയത് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ.
പോലീസുകാർ സംഭവം മഞ്ചേശ്വരം സി.ഐ സന്തോഷ് കുമാറിനെ അറിയിക്കുകയും അദ്ദംഹം അനുവാദം നൽകുകയുമായിരുന്നു.
പൈവളികെ സ്വദേശി ഫാറൂഖിന്റെയും അഷ്ഫാനയുടെയും അഞ്ച് വയസ്സുള്ള മകൻ മുഹമ്മദ് അബൂബക്കർ സഹൽ ആണ് തന്റെ ജന്മദിനം മഞ്ചേശ്വരം’ ചൈൽഡ് ഫ്രണ്ട്ലി’ പോലീസ് സ്റ്റേഷനിൽ ആഘോഷിച്ചത്.
പോലീസ് സ്റ്റേഷൻ എന്ന് കേൾക്കുമ്പോൾ ജനങ്ങൾക്ക് “എടോ,പോടോ ” വിളിയും “തല്ലും,കുത്തും” മാത്രം ഓർമ്മ വന്നിരുന്ന കാലമുണ്ടായിരുന്നെങ്കിലും പോലീസുകാരുടെ മാതൃകാപരമായ ഇടപെടലുകളും,ബഹുമാനത്തോടെയുള്ള സമീപനങ്ങളും ഉണ്ടായപ്പോൾ ‘ജനമൈത്രി പോലീസ് സ്റ്റേഷൻ’ എന്ന ചെല്ലപേര് കിട്ടി.
എന്നാൽ കുട്ടികളും പോലീസുകാരും നല്ല സുഹൃത്തുകളാണന്നും കുട്ടികൾക്ക് ധൈര്യത്തോടെ പോലീസുകാരോട് സംസാരിക്കാനും സ്റ്റേഷനിൽ വരാനും കഴിയണമെന്നുമുള്ള ചിന്ത വളർത്തിയെടുക്കാൻ സർക്കാറിന്റെ നിർദ്ദേശ പ്രകാരം “ചൈൽഡ് ഫ്രണ്ട്ലി” പോലീസ് മാതൃകയാക്കുകയാണ്.
ഇതിന് വേണ്ടി സ്റ്റേഷനിൽ പ്രത്യേകം ഓഫീസറും,കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും,കളിപ്പാട്ടങ്ങളും ഒരുക്കുന്നു.
പോലീസ് വേഷത്തിൽ കയ്യിൽ തോക്കും കേക്കുമായി എത്തി മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസുകാരുടെ കൂടെ ജന്മദിനം ആഘോഷിച്ച സഹൽ മോൻ തനിക്ക് ഭാവിയിൽ പോലീസാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്.