ലബൈക്കല്ലാഹുമ്മ ലൈബൈക് ചൊല്ലി ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുന്നു
മക്ക- സൂര്യോദയം മുതല്‍ ഹാജിമാര്‍ മിനയില്‍ നിന്ന് അറഫയിലേക്ക് പ്രയാണം തുടങ്ങി. ലബൈക്കല്ലാഹുമ്മ ലൈബൈക് മന്ത്രം ചൊല്ലി ബസുകളിലും മെട്രോ ട്രെയിനുകളിലുമായാണ് ഹാജിമാര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്ന കിടപ്പുരോഗികളായ ഹാജിമാരെയടക്കം ഇവിടേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.
പത്ത് മണിയോടെ എല്ലാ ഹാജിമാരെയും അറഫയിലേക്കെത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എട്ട് ലക്ഷം പേരെ ഏഴ് പാതകളിലായി 9500 ബസുകളിലും രണ്ട് ലക്ഷം പേരെ മശാഇര്‍ മെട്രോയിലുമാണ് എത്തിക്കുന്നത്. ചിലര്‍ നടന്നും അറഫയിലേക്ക് പോകുന്നുണ്ട്.
അറഫയിലെ നമിറ പള്ളിയില്‍ ഇന്ന് ദുഹര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഒന്നിച്ച് നടക്കും. ശേഷം ഖുതുബയും നടക്കും. റാബിത്വ സെക്രട്ടറി ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍ഈസായാണ് നേതൃത്വം നല്‍കുക.
ഹറമിന്റെ പരിധിക്ക് പുറത്താണ് അറഫ സ്ഥിതി ചെയ്യുന്നത്. മക്ക- തായിഫ് റോഡില്‍ രണ്ട് ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സമതല പ്രദേശമാണിത്. 300 മീറ്റര്‍ നീളമുള്ള ജബലുറഹ്മയും ഇവിടെയാണ്.
വെള്ളിയാഴ്ചയും അറഫയും ഒന്നിക്കുന്ന ഇന്നത്തെ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. പത്ത് വര്‍ഷത്തിലൊരിക്കലാണ് ഈ രണ്ട് പുണ്യദിവസവും ഒന്നിക്കാറുള്ളത്.
ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് അറഫയില്‍ നില്‍ക്കല്‍. ഈ കര്‍മം ചെയ്യാനായില്ലെങ്കില്‍ ഹജ് സ്വീകരിക്കപ്പെടില്ല. ഇന്ന് പകല്‍ അറഫയില്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ഹാജിമാര്‍ വൈകുന്നേരത്തോടെ മുസ്ദലിഫയിലേക്ക് മടങ്ങും.