ഭരണഘടനാ നിന്ദ; മന്ത്രി സജി ചെറിയാൻ രാജിവെച്ചു

0 0
Read Time:3 Minute, 21 Second

ഭരണഘടനാ നിന്ദ; മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാൻ രാജിവെച്ചത്. ഇന്ന് ചേർന്ന സി.പി.എം ​സംസ്ഥാന സെക്രട്ടറിയേറ്റിൽ സജി ചെറിയാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സജി ചെറിയാൻ രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദമാണ് സജി ചെറിയാന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്.

ഭരണഘട​നയെ ഒരിക്കലും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. രാജിവെക്കാനുള്ള തീരുമാനം സ്വതന്ത്രമായി എടുത്തതാണ്. 1957ൽ ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടപ്പോഴും അടിയന്തരാവസ്ഥകാലത്തും ഭരണഘടനയെ ദുരുപയോഗം ചെയ്തതിനെ കുറിച്ചാണ് പാർട്ടി യോഗത്തിൽ വിശദീകരിച്ചത്. എന്നാൽ, ഇത് ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഈ പ്രചരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് രാജി തീരുമാനമെന്നും സജി ചെറിയാൻ പറഞ്ഞു.

മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്.

എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്’ -ഇതായിരുന്നു മന്ത്രിയുടെ വിവദമായ പ്രസംഗം.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!