ഭട്കല്‍ നഗരസഭ കെട്ടിട ബോര്‍ഡില്‍ ഉര്‍ദു ഉള്‍പ്പെടുത്തിയതിനെതിരെ കലാപം ഉയർത്തി ബി.ജെ.പി

മംഗളൂരു: ഭട്കല്‍ നഗരസഭ കെട്ടിടം ബോര്‍ഡില്‍ ഉര്‍ദുവും ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പി നേതാവായ മണ്ഡലം എം.എല്‍.എ സുനില്‍ നായ്കിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം.
ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്ന് കന്നടയിലും ഇംഗ്ലീഷിലും എഴുതിയതിന് താഴെയാണ് ഉര്‍ദുവിലും എഴുതിയത്. ഇതിനെതിരെ സംഘ്പരിവാര്‍ സംഘടനകളെ അണിനിരത്തി ടൗണ്‍ഹാളിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കാന്‍ നിര്‍ദേശം നല്‍കിയ എം.എല്‍.എ, രണ്ടു ദിവസത്തിനകം ഉര്‍ദു എഴുത്ത് മാറ്റിയില്ലെങ്കില്‍ താന്‍ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഭീഷണി മുഴക്കി. അതേസമയം, മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡന്‍റ് പര്‍വേസ് കാശിംജി പറഞ്ഞു.
എം.എല്‍.എയുടെ ഭീഷണിക്ക് വഴങ്ങി ഉര്‍ദു നീക്കം ചെയ്യാന്‍ നഗരസഭ സെക്രട്ടറി സുരേഷ് സന്നദ്ധമായതോടെ ഭട്കല്‍ മുസ്‌ലിം യൂത്ത് ഫെഡറേഷന്‍, മജ്ലിസെ ഇസ്ലാഹ് തന്‍സീം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഉര്‍ദുവിന് വേണ്ടിയും ശബ്ദമുയര്‍ന്നു.
ഉര്‍ദു ഭാഷക്കാര്‍ ഏറെയുള്ള ഭട്കലില്‍ അനിവാര്യത ബോധ്യപ്പെട്ടാണ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന് നഗരസഭ പ്രസിഡന്‍റ് പര്‍വേസ് കാശിംജി വ്യക്തമാക്കി. മൂന്നാം ഭാഷ ഉപയോഗം അനുവദനീയമാണ്. കലബുറുഗി നഗരസഭ കന്നടക്കും ഇംഗ്ലീഷിനും പുറമെ ഉര്‍ദു ഉപയോഗിച്ചതായി കാണാം. ആളുകള്‍ക്ക് മനസ്സിലാവാനാണ് ബോര്‍ഡുകള്‍. ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ നീക്കം ചെയ്യില്ല. വെള്ളിയാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. ഉര്‍ദു നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസ്സാക്കി ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ മുല്ലയ് മുഹിലന് അയക്കും. അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടത്. നിയമത്തിന്‍റെ വഴിയിലൂടെ നീങ്ങുമെന്നും പ്രസിഡന്‍റ് അറിയിച്ചു.
നഗരസഭ കെട്ടിടം നവീകരണം നടത്തിയതിനെത്തുടര്‍ന്നാണ് പുതിയ ബോര്‍ഡ് സ്ഥാപിച്ചത്.


