പാഠപുസ്തകത്തിൽ നിന്ന് കവി കിഞ്ഞണ്ണ റൈയുടെ പാഠ ഭാഗം നീക്കം ചെയ്യാനുള്ള ശ്രമം പ്രതിഷേധാർഹം: കോൺഗ്രസ്
കുമ്പള: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ പാoപുസ്തകത്തിൽ നിന്ന് നീക്കം ചെയ്ത ശ്രീ നാരായണ ഗുരു, പ്രശസ്ത കന്നട കവി കയ്യാർ കിഞ്ഞണ്ണ റൈ എന്നിവരുടെ പേരുകൾ വീണ്ടും ഉൾപ്പെടുത്തണമെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏഴാം തരം സാമൂഹ്യപാഠം പുസ്തകത്തിൽ നിന്നാണ് പ്രമുഖരായ പല സാമൂഹിക രാഷ്ട്രീയനേതാക്കളുടെയും എഴുത്തുകാരുടെയും പേരുകളും ചരിത്രങ്ങളും നീക്കം ചെയ്യുന്നതോടൊപ്പം ശ്രീനാരായണ ഗുരുവിന്റെയും കയ്യാർ കിഞ്ഞണ്ണ റൈയുടെയും പേരുകൾ കൂടി വെട്ടിയത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ എടുത്തു കളഞ്ഞ പല പേരുകളും ഉൾപ്പെടുത്തിയെങ്കിലും രാജ്യത്തെ ഉന്നതനായ സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെയും കയ്യാർ കിഞ്ഞണ്ണ റൈയുടെയും പേരുകൾ പുറത്തായി.
പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ പേരിൽ ചില വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ഇവരുടെ പേരുകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ ലക്ഷ്മണ പ്രഭു, മഞ്ചുനാഥ ആൾവ, ലോക് നാഥ് ഷെട്ടി, സോമശേഖര ഷെട്ടി, മോഹന റൈ,
പൃഥ്വിരാജ് ഷെട്ടി, രവി പൂജാരി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.