കറിവേപ്പില, മല്ലിയില, പുതിനയില, ചീര എന്നിവയിൽ കീടനാശിനി കൂടുതൽ: കരുതൽ വേണം
പാലക്കാട്: ജില്ലയിൽ വിൽക്കുന്ന പച്ചക്കറികളിൽ കീടനാശിനിയുടെ സാന്നിധ്യം കൂടുതലുള്ളത് കറിവേപ്പില, മല്ലിയില, പുതിനയില, ചീര എന്നിവയിലാണെന്നു കണ്ടെത്തി. ജില്ലയിൽ വിൽപന നടത്തുന്ന മുളകുപൊടിയിലും കൂടുതൽ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ട്. 138 സാംപിളുകളാണു പരിശോധിച്ചത്. ഇന്ത്യയിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി കീടനാശിനികൾക്ക് നിയമാനുസൃതമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോയിൽ 0.01 മില്ലി ഗ്രാം എന്നാണു കണക്ക്. തക്കാളിയിൽ പ്രൊഫെനോഫോസ് 0.05 അളവിൽ കണ്ടെത്തിയിരുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിൽ എത്തിക്കുന്ന പച്ചക്കറികളിലാണ് കൂടുതലായി രാസവസ്തുക്കളുടെ സാന്നിധ്യം ഉള്ളതെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുളക് കഴുകി ഉണക്കി പൊടിക്കാത്തതിനാൽ രാസവസ്തുക്കളുടെ അംശം പൊടിയിലെത്തും. മുളക് സൂക്ഷിക്കുന്ന ഗോഡൗണിന്റെ തറയിലും ചുമരിലും കീടനാശിനി തളിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞമാസം 8 കേസുകൾ എടുത്തിട്ടുണ്ട്. വാളയാർ ചെക്പോസ്റ്റ്, ഒറ്റപ്പാലം, നെന്മാറ, ആലത്തൂർ, തൃത്താല, ചിറ്റൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
*നന്നായി കഴുകണം*
കീടനാശിനി ചേർത്ത പച്ചക്കറികൾ വേവുന്നതു കൊണ്ടു കീടനാശിനിയുടെ അംശം നഷ്ടപ്പെടില്ല. വെള്ളത്തിൽ കഴുകിക്കളയുക മാത്രമാണു പരിഹാരം. മനുഷ്യരുടെ തലച്ചോറിനെയും നാഡിയെയും ബാധിക്കാൻ ശേഷിയുള്ളതാണു കീടനാശിനികളെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കീടനാശിനികൾ ശരീരത്തിലെത്തിയാൽ ഹോർമോണുകൾ പോലെ പ്രവർത്തിക്കും. പല കീടനാശിനികൾക്കും ഈസ്ട്രജനു സമാനമായ ശേഷിയുണ്ട്.
ഇതു ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. അർബുദത്തിനും ഇത് ഇടയാക്കും. ആമാശയം, കുടൽ എന്നിവിടങ്ങളിൽ നീർവീക്കം, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാവാം. ഓർമക്കുറവ്, പേശീ തളർച്ച, ബലക്ഷയം എന്നിവയ്ക്കും രോഗം കാരണമാകും. ഗർഭിണിയായിരിക്കെ ഭക്ഷണത്തിലൂടെ ഉയർന്ന അളവിൽ കീടനാശിനികൾ എത്തുന്നതു ഗർഭസ്ഥശിശുവിനു ദോഷമാണ്. മുതിർന്നവരുടെ ഉള്ളിൽ കീടനാശിനികൾ എത്തുന്നതിനെക്കാൾ അപകടമാണ് കുട്ടികളിൽ എത്തുന്നത്.
*ശ്രദ്ധിക്കണം*
വാങ്ങുന്ന പച്ചക്കറികൾ ഉപ്പ്, മഞ്ഞൾ, വിനാഗിരി എന്നിവ ഉപയോഗിച്ച് കഴുകി മാത്രം ഉപയോഗിക്കുക
∙ പുതിനയില, കറിവേപ്പില, ചീര എന്നിവ വിനാഗിരി ലായനിയിലോ, വാളൻപുളി ലായനിയിലോ പലയാവർത്തി കഴുകി മാത്രം ഉപയോഗിക്കുക.
∙ പച്ചമുളക്, തക്കാളി, ബീൻസ് തുടങ്ങിയവ മേൽപറഞ്ഞ ലായനികളിൽ കഴുകി ഒരു രാത്രി വെള്ളം വാർന്നു പോകാൻ വയ്ക്കണം. കോട്ടൺ തുണി ഉപയോഗിച്ചു തുടച്ച് ഞെട്ട് അടർത്തി മാറ്റി സൂക്ഷിക്കുക.
∙ പടവലം, പയർ, കോവയ്ക്ക, പാവയ്ക്ക എന്നിവ സ്ക്രാപ് പാഡ് ഉപയോഗിച്ച് ഉരച്ചു കഴുകി ഉപയോഗിക്കുക.
∙ കോളിഫ്ലവർ ഇലയും തണ്ടും അടർത്തി പലവട്ടം കഴുകണം.
∙ കാബേജിന്റെ പുറമേയുള്ള മൂന്നോ നാലോ ഇതളുകൾ അടർത്തിക്കളഞ്ഞ ശേഷം കഴുകുക.
∙ ആപ്പിൾ പോലെയുള്ള പഴവർഗങ്ങൾ തൊലി ചെത്തിക്കളഞ്ഞു മാത്രം ഉപയോഗിക്കുക
*ഒരു വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം*
അനുവദനീയമായ അളവിൽകൂടുതൽ കീടനാശിനികളുടെ അംശം ഭക്ഷ്യ വസ്തുക്കളിൽ കണ്ടെത്തിയാൽ 6 മാസം മുതൽ ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
– വി.കെ.പ്രദീപ് കുമാർ അസിസ്റ്റന്റ് കമ്മിഷണർ ഭക്ഷ്യ സുരക്ഷാ വകുപ്പ്