ടാറ്റാ ട്രസ്റ്റിന്റെ സഹകരണത്തോടെ അത്യാധുനിക ക്യാൻസർ ചികിത്സാ കേന്ദ്രം ‘സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓങ്കോളജി’ ദേർളകട്ടെയിൽ മംഗലാപുരത്തെ ജൂൺ 11ന് ഉദ്‌ഘാടനം ചെയ്യും
മംഗളൂരു: ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി ക്യാൻസർ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക ക്യാൻസർ ചികിത്സ കേന്ദ്രം മംഗലാപുരത്തെ ദേർളക്കട്ടെയിൽ ജൂൺ 11 ന് ഉദ്‌ഘാടനം ചെയ്യും.
താങ്ങാവുന്ന ചികിത്സാ ചെലവിൽ ക്യാൻസർ രോഗികൾക്ക് ചികിത്സ നൽകിവരുന്ന യെനെപോയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സംരംഭമാണ് സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓങ്കോളജി.
വടക്കൻ കേരളത്തിലെ രോഗികൾ വിദഗ്ദ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. സുലേഖ യേനപോയ ക്യാൻസർ ചികിത്സ കേന്ദ്രം ആരംഭിക്കുന്നതോടെ വടക്കൻ കേരളത്തിലെ ക്യാൻസർ രോഗികൾക്ക് സൗകര്യപ്രദമായ രീതിയിൽ താങ്ങാവുന്ന ചെലവിൽ ചികിത്സ ലഭ്യമാകുമെന്ന് യേനപോയ സർവകലാശാല വൈസ് ചാൻസലർ ഡോ. എം. വിജയകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ 11 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കർണാടക ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ. സുധാകർ നിർവഹിക്കും. ടാറ്റ ട്രസ്റ്റ്സ് മുംബൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻ. ശ്രീനാഥ് ചികിത്സ സൗകര്യങ്ങൾ ഉദ്‌ഘാടനം ചെയ്യും. രാജ്യാന്തര പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാകും. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചികിത്സ ചെലവ് മാത്രമേ ഈടാക്കൂ. പ്രധാനമന്ത്രിയുടെ ചികിത്സ പദ്ധതിയടക്കമുള്ള വിവിധ ചികിത്സ പദ്ധതികളുടെ സഹായത്തോയ്ഡ് പ്രവർത്തിക്കുന്നതിനാൽ സാധാരണക്കാർക്ക് അമിത ഭാരമില്ലാതെ വിദഗ്ദ്ധ ചികിത്സ ഇവിടെ ലഭിക്കും.
ടാറ്റ ട്രസ്റ്റ്സിന്റെ സഹായത്തോടെയാണ് സർവകലാശാല ക്യാമ്പസിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമഗ്ര ക്യാൻസർ പരിരക്ഷാ കേന്ദ്രം ആരംഭിക്കുന്നത്. ആറ് നിലകളുള്ള കെട്ടിടത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് റേഡിയോ തെറാപ്പി ബങ്കറുകളും ഒരു ബ്രെഷി തെറാപ്പി ബാങ്കറും ഇതിലുണ്ട്. കൂടുതൽ സൂക്ഷ്മത ഉറപ്പാക്കുന്നതിനായി അത്യാധുനിക ട്രൂ ബീം റേഡിയോതെറാപ്പി മെഷീൻ, പ്രത്യേകം ന്യൂക്ലിയർ മെഡിസിൻ സൗകര്യം, പി ഇ ടി സി.ടി സ്‌കാനർ തുടങ്ങിയ സൗകര്യങ്ങളും ക്യാൻസർ സെന്ററിലുണ്ടാകും. കീമോതെറാപ്പിക്കായി മാത്രം പത്ത് ബെഡുകളുള്ള ഡേ കെയർ സൗകര്യവും ഇവിടെയുണ്ട്.
സർവകലാശാലയ്ക്ക് കീഴിലുള്ള യെനെപോയ മെഡിക്കൽ കോളേജിൽ 2016 ജനുവരിയിലാണ് 1100 ബെഡുകളുള്ള ആശുപത്രിയുടെ ഭാഗമായി 120 ബെഡുകളോട് കൂടിയ ക്യാൻസർ സെന്റർ പ്രവർത്തനം ആരംഭിച്ചത്. കമ്മ്യൂണിറ്റി ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, ഓങ്കോ പാത്തോളജി, പാലിയേറ്റിവ് കെയർ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. ആവശ്യമുള്ള രോഗികൾക്കായി റോബോട്ടിക് സർജറിയും ഇവിടെ ലഭ്യമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവരിൽ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. 2018 മുതൽ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് സൗകര്യവും ഇവിടെ ലഭ്യമാണ്.
റോട്ടറി ഇന്റർനാഷണൽ, റോട്ടറി ക്ലബ് ഓഫ് മാഗ്ലൂർ എന്നിവരുടെ സഹകരണത്തോടെ ക്യാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങൾ നേരത്തെ കണ്ടുപിടിക്കുന്നതിനായി മൊബൈൽ വെൽനസ് ക്ലിനിക്കും സർവകലാശാല നടത്തിവരുന്നു. യെനെപോയ സർവകലാശാല വൈസ് ചാൻസലർ ഡോ.എം. വിജയകുമാർ, ഡോ. ജലാലുദ്ധീൻ അക്ബർ, ഡോ. റോഹൻ ഷെട്ടി, അരുൺ എസ് നാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
2008 ൽ ഇസ്ലാമിക് അക്കാദമി ഓഫ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സ്‌ഥാപിച്ച യെനെപോയ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി രണ്ട് പതിറ്റാണ്ടായി കർണാടകയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിർണായക സംഭാവനകൾ നൽകിവരുന്നു. യൂണിവേഴ്‌സിറ്റിക്ക് കീഴിൽ നിലവിൽ പത്ത് കോളേജുകളും എണ്ണായിരത്തിലേറെ വിദ്യാർഥികളും 3500 ജീവനക്കാരുമുണ്ട്. നാക് എ ഗ്രേഡ് അംഗീകാരവും സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.