ജൂൺ 10ന് എസ്എസ്എൽസി ഫലം: 20 ന് ഹയർസെക്കന്‍ററി
തിരുവനന്തപുരം: ജൂൺ 10ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 20 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിപ്പ്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്.നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് കുട്ടികള്‍ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.
സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക.മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിട്ടുണ്ട്. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാലു ലക്ഷം കുട്ടികളെത്തുമെന്നും മന്ത്രി അറിയിച്ചു. 12986 സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കും. കഴക്കൂട്ടം സര്‍ക്കാര്‍ സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം നടക്കുക.
മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.പിടിഎയുടെ ഫണ്ട് പിരിവിന് ഉത്തരവാദിത്തം സ്കൂളിലെ പ്രധാന അധ്യാപകന് ആയിരിക്കും.ഓരോ രക്ഷകര്‍ത്താവിന്‍റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമാണ് ഫണ്ട് വാങ്ങിക്കാന്‍ പാടുള്ളൂ.
കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്‌സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓൺലൈൻ പഠന രീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും.
വിക്ടേഴ്സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളിൽ നിയമിച്ചു. 6000 അധ്യാപകർക്ക് അഡ്വൈസ് മെമോ നൽകിയതായും മന്ത്രി പറഞ്ഞു. അന്തിമ അക്കാദമിക് മാനുവൽ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകും. ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചാല്‍ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.