ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രു സിമൺസ് കാറപകടത്തില് മരിച്ചു
സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമൺസ് (46) അന്തരിച്ചു. ആസ്ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു 46 കാരനായ സിമൺസ്.
സൈമണ്ട്സ് താമസിച്ചിരുന്ന ടൗൺസ്വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.
എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.