ഷവർമ കഴിച്ച് വിദ്യാർഥിയുടെ മരണം: മൂന്നു പേർ കസ്റ്റഡിയിൽ; കടയിലെ വാഹനം കത്തിച്ചു
കാസർകോട്: ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾബാർ എന്ന സ്ഥാപനത്തിലെ രണ്ടു ജീവനക്കാരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശിയായ മുള്ളോളി അനക്സ്, എം.ഡി. അഹമ്മദ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
അതേസമയം, വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് കൂൾബാറിന്‍റെ വാഹനം കത്തിച്ചു. ആരാണ് തീയിട്ടതെന്നതിനെക്കുറിച്ച് സൂചനയില്ല. ഇതേതുടർന്ന് വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലെക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ കൂൾബാർ എറിഞ്ഞുതകർത്തിരുന്നു.
ഇന്നലെയാണ് കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. വെള്ളിയാഴ്ച ദേവനന്ദ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണന്‍ – പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതേ കൂൾബാറിൽ നിന്നും ഷവർമ കഴിച്ച 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ചന്തേര പൊലീസിന്‍റെ അന്വേഷണം ഊർജിതമാണ്. ഇതോടൊപ്പം ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളും അന്വേഷണം നടത്തുന്നുണ്ട്.