ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി;ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്ന് സ്വീകരിച്ചു
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ആദ്യമായാണ് ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഗവർണർ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സബർമതി ആശ്രമം സന്ദർശിച്ച ബോറിസ് ജോൺസണ് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്‌തകം സമ്മാനമായി നൽകി. മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്‌പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്‌തകവും സമ്മാനിച്ചു.
സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. വ്യവസായി ഗൗതം അദാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രമുഖ വ്യവസായശാലകളും സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക വരവേൽപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശ മന്ത്രി എസ് ജയ്‌ശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാർ, ഇന്തോ- പസഫിക്കിലെ സഹകരണം വർധിപ്പിക്കൽ, പ്രതിരോധ ബന്ധം മെച്ചപ്പെടുത്തൽ എന്നിവ സംബന്ധിച്ച് ഇരുരാജ്യവും തമ്മിൽ ചർച്ച നടക്കും. വിവിധ കരാറിലും ഒപ്പുവച്ചേക്കും.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞദിവസം അദ്ദേഹം ബ്രിട്ടനിൽ പറഞ്ഞിരുന്നു. നേരത്തേ ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കാരണം മാറ്റിവയ്ക്കുകയായിരുന്നു.