ഐ.പി.എൽ 2022 : കമ്മിന്‍സ് വെടിക്കെട്ട്; കൊല്‍ക്കത്തയ്‌ക്ക് തകർപ്പൻ ജയം; മുംബൈക്ക് ഹാട്രിക് തോല്‍വി
പുനെ: ഐപിഎല്ലില്‍ (IPL 2022) കീറോണ്‍ പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടിന് പാറ്റ് കമ്മിന്‍സ് ബാറ്റ് കൊണ്ട് ഇരട്ടി ഡോസില്‍ മറുപടി പറഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ മൂന്നാം ജയം. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ശ്രേയസ് അയ്യരും സംഘവും തോല്‍പിച്ചത്. മുംബൈയുടെ 161 റണ്‍സ് കെകെആര്‍ 16 ഓവറില്‍ മറികടക്കുകയായിരുന്നു. കമ്മിന്‍സ് 15 പന്തില്‍ 56* ഉം വെങ്കടേഷ് അയ്യര്‍ 41 പന്തില്‍ 50* ഉം റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. വെറും 14 പന്തിലാണ് കമ്മിന്‍സ് 50 തികച്ചത്.
മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ പ്രതിരോധത്തിലായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തൈമല്‍ മില്‍സിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അജിന്‍ക്യ രഹാനെ പുറത്താകുമ്പോള്‍ കെകെആറിന് 16 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും കാലുറച്ചില്ല. ആറാം ഓവരില്‍ ശ്രേയസിനെ സാംസ്, തിലകിന്‍റെ കൈകളിലെത്തിക്കുമ്പോള്‍ 10 റണ്‍സ് മാത്രമായിരുന്നു താരത്തിനുണ്ടായിരുന്നത്. സാം ബില്ലിംഗ്‌സ് രണ്ട് സിക്‌സറുകള്‍ നേടിയെങ്കിലും 12 പന്തില്‍ 17 എടുത്ത് മുരുകന്‍ അശ്വിന് കീഴടങ്ങി. ബേസിലിനായിരുന്നു ക്യാച്ച്.
എന്നാല്‍ ഒരറ്റത്ത് നിലയിറപ്പിച്ച വെങ്കടേഷ് അയ്യര്‍ മുംബൈക്ക് ഭീഷണിയുയര്‍ത്തുമെന്നായി. എന്നാല്‍ കൂട്ടാളി നിതീഷ് റാണയെ(8) പുറത്താക്കി മുരുകന്‍ അശ്വിന്‍ അടുത്ത ബ്രേക്ക് നല്‍കി. വെങ്കടേഷ് ഫിഫ്റ്റിയും പാറ്റ് കമ്മിന്‍സ് വന്നയുടനെ ബൗണ്ടറികള്‍ നേടുകയും ചെയ്‌തതോടെ കൊല്‍ക്കത്ത തിരിച്ചെത്തി. സാക്ഷാല്‍ ബുമ്രയെയും പിന്നാലെ സാംസിനെയും അതിര്‍ത്തി പലകുറി കടത്തി കമ്മിന്‍സ് കൊല്‍ക്കത്തയെ ജയിപ്പിച്ചു. സാംസിന്‍റെ 16-ാം ഓവറില്‍ നാല് സിക്‌സറും രണ്ട് ഫോറും സഹിതം 35 റണ്‍സാണ് കമ്മിന്‍സ് ഒറ്റയ്‌ക്ക് അടിച്ചുകൂട്ടിയത്.
തകര്‍ച്ചയോടെയായിരുന്നു ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്‍റെ തുടക്കം. ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ 12 പന്തില്‍ വെറും മൂന്ന് റണ്‍സെടുത്ത് ഉമേഷ് യാദവിന്‍റെ ഷോട്ട് പിച്ച് പന്തില്‍ കീഴടങ്ങി. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ഡിവാള്‍ഡ് ബ്രവിസും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 50 കടത്താനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സില്‍ നില്‍ക്കേ ബ്രവിസിനെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ സാം ബില്ലിംഗ്‌സ് സ്റ്റംപ് ചെയ്‌തു. 19 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറുകളോടെ 29 റണ്‍സാണ് അരങ്ങേറ്റ മത്സരത്തില്‍ ബേബി എബിഡി നേടിയത്.
സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിംഗ് ഷോയില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച സ്‌കോറിലെത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ 36 പന്തില്‍ 52 ഉം തിലക് 27 പന്തില്‍ 38* ഉം എടുത്തപ്പോള്‍ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തു. അവസാന ഓവറില്‍ ബാറ്റിംഗിനിറങ്ങി പാറ്റ് കമ്മിന്‍സിനെ പറത്തി 5 പന്തില്‍ 22 റണ്‍സെടുത്ത പൊള്ളാര്‍ഡിന്‍റെ പ്രകടനം നിര്‍ണായകമായി.