പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.വി.തോമസ്;’പരമാവധി അപമാനിച്ചു, ഇനി വിരട്ടൽ വേണ്ട’

0 0
Read Time:6 Minute, 29 Second

പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.വി.തോമസ്;’പരമാവധി അപമാനിച്ചു, ഇനി വിരട്ടൽ വേണ്ട’

കൊച്ചി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ.വി.തോമസ് പറഞ്ഞു. 

ഒരു മനുഷ്യനെ അപമാനിക്കാവുന്നതിൻ്റെ പരമാവധി തന്നെ അപമാനിച്ചു. ഇനിയും അതിനു നിന്നു കൊടുക്കാൻ വയ്യ .2018 ന് ശേഷം എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം കിട്ടിയില്ല. പ്രധാനമന്ത്രിയെ കണ്ടാൽ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാൽ സിപിഎമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണ് – പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.വി.തോമസ് പറഞ്ഞു. 

തോമസിൻ്റെ വാക്കുകൾ – 

കഴിഞ്ഞ തവണ ദില്ലിയിൽ പോയപ്പോൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഞാൻ സംസാരിച്ചിരുന്നു. കണ്ണൂരിൽ പാർട്ടി കോൺ​ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നേയും ശശി തരൂരിനേയും പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നതായും എം.കെ.സ്റ്റാലിൻ അടക്കമുള്ള ദേശീയനേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തുടർന്ന് ഇക്കാര്യം എഐസിസി അധ്യക്ഷ സോണിയ ​ഗാന്ധിയേയും കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അൻവറിനേയും ഞാൻ അറിയിച്ചു. ഇന്ത്യൻ മതേതരത്വം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നീ രണ്ട് വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കാനാണ് എന്നെ ക്ഷണിച്ചതെന്നും ഞാൻ അറിയിച്ചിരുന്നു. പിന്നീട് ശശി തരൂരിനെ കണ്ടപ്പോൾ അദ്ദേഹവും ഈ വിഷയത്തിൽ പങ്കെടുക്കാൻ അനുമതി തേടിയതായി അറിയിച്ചു. 

തരൂരിനെ പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കേരളത്തിലെ എംപിമാ‍ർ സോണിയ ​ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് പിന്നീട് ഞാൻ അറിഞ്ഞു. കോൺഗ്രസ്‌ പ്രസിഡന്റ് ശശി തരൂരിനോട് പങ്കെടുക്കരുത് എന്ന് പറഞ്ഞു. ഇതോടെ സോണിയ ഗാന്ധിയെ ഞാൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ബോധിപ്പിച്ചു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ സിപിഎമ്മുമായി കൈപിടിച്ചാണ് കോൺ​ഗ്രസ് മുന്നോട്ട് പോകുന്നത്. കോയമ്പത്തൂരിൽ രാഹുൽ ​ഗാന്ധി നേരിട്ടാണ് സിപിഎം സ്ഥാനാ‍ർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. സ്റ്റാലിൻ പങ്കെടുക്കുന്ന അതേ സെമിനാറിലാണ് താൻ പങ്കെടുക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ ഭരണ രീതിയിൽ ഒരുപാട് മാറ്റം ഇക്കാലയളവിൽ വന്നിട്ടുണ്ട്. റെയിൽവേ ബജറ്റടക്കം ഇല്ലാതാക്കുന്ന അവസ്ഥയുണ്ടായി. ഇത്രയും നിർണായക സാഹചര്യത്തിൽ കേന്ദ്രത്തെ എതിർക്കാനുള്ള അവസരത്തിൽ എന്തിന് ഇങ്ങനെ വിദ്വേഷം എന്ന് ഞാൻ ചോദിച്ചു. 

എന്നാൽ ഈ ഘട്ടത്തിൽ എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് നേരിട്ടത്. ഞാൻ പെട്ടെന്നൊരു ദിവസം പാർട്ടിയിൽ പൊട്ടിമുളച്ച ആളല്ല. ഞാൻ ജന്മം കൊണ്ട് കോൺ​ഗ്രസുകാരനാണ്. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ് ഞാൻ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വർഷം ഞാൻ കാത്തിരുന്നു. പാർലമെന്റിൽ പോകാനല്ല, അർഹമായ പരി​ഗണന പാർട്ടി എനിക്ക് തരും എന്ന് ഞാൻ കരുതി. ഏഴ് വട്ടം ജയിച്ചത് എൻ്റെ തെറ്റല്ല. പിന്നെ തോൽക്കുന്നതാണോ തെറ്റ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ തോറ്റെന്ന പേരിലാണ് ചിലർക്ക് ആ സീറ്റ് നിഷേധിച്ചത്. പിന്നീട് കെപിസിസി വ‍ർക്കിം​ഗ് പ്രസിഡൻ്റാക്കി. നാല് മാസം കൊണ്ട് എന്നെ മാറ്റി. പിന്നീട് എനിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. 

ആരും കോൺ​ഗ്രസിൻ്റെ നേതൃത്വം ചോദ്യം ചെയ്തിട്ടില്ല. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും രണ്ട്തട്ടിലാണ് അതുമാറ്റി നിർത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഗൺ മുനയിൽ ആണോ എന്നോട് സംസാരിക്കേണ്ടത്. ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിലേക്കാണ്. അതിലേക്ക് ഞാൻ പോകും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!