പള്ളിക്ക് സമീപം കച്ചവടം നടത്തുന്ന ഹിന്ദുക്കളെ മുസ്ലിം രാജ്യങ്ങളിൽ ആരും തടയുന്നില്ല; കർണാടക വിവാദത്തിൽ പ്രതികരിച്ച് യുഎഇ രാജകുടുംബാംഗം
ദുബായ്: കര്‍ണാടകയിലെ ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം മതസ്ഥര്‍ കച്ചവടം നടത്തുന്നത് ഹിന്ദുത്വ വാദികൾ തടയുന്നതിനെതിരെ വിമര്‍ശനവുമായി യുഎഇ രാജകുടുംബാംഗം ഷെയ്കാ ഫൈസൽ ഹിന്ദ് അല്‍ ഖാസിമി.
യുഎഇ, സൗദി ഉള്‍പ്പെടെയുളള മുസ്ലിം രാജ്യങ്ങളില്‍ നിരവധി ഹിന്ദു മതസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും. ഇവര്‍ക്കൊന്നും പള്ളികള്‍ക്ക് സമീപം കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്നുമാണ് യുഎഇ രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്.ഇന്ത്യോനേഷ്യ, മലേഷ്യ, യുഎഇ, ഖത്തര്‍, ബഹ്‌റെെന്‍, കുവൈത്ത്, ഒമാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന ഹിന്ദു മതസ്ഥരുടെ കണക്കുകളുമായാണ് രാജകുടുംബാംഗത്തിന്റെ ട്വീറ്റ്.
അതേസമയം ഈ കണക്കുകള്‍ കൃത്യമല്ല. പല രാജ്യങ്ങളിലെയും ഹിന്ദു മതസ്ഥരുടെ എണ്ണം രാജകുമാരി ട്വീറ്റ് ചെയ്തിനേക്കാള്‍ ഏറിയും കുറഞ്ഞുമാണ്.ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരെ വിലക്കിയ നടപടി ദേശീയ തലത്തിനപ്പുറം ചർച്ചയായെന്നാണ് യുഎഇ രാജകുമാരിയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്.
വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ, ശ്രീരാമ സേന തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ ആവശ്യ പ്രകാരമാണ് ഉഡുപ്പി, ശിവമോഗ തുടങ്ങിയിടങ്ങളിലെ ക്ഷേത്ര പരിസരത്ത് മുസ്ലിങ്ങളായ കച്ചവടക്കാരെ തടഞ്ഞത്.
കർണാടകയിലെ മറ്റിടങ്ങളിലും സമാന ആവശ്യം ഉയരുന്നുണ്ട്.ഇന്ത്യയിൽ നടക്കുന്ന വർഗീയ സംഭവങ്ങൾ അടുത്ത വർഷങ്ങളിലായി ഗൾഫ് രാജ്യങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. അടുത്തിടെയുണ്ടായ കർണാടക ഹിജാബ് വിവാദത്തിൽ കുവൈത്ത് സർക്കാരിലെ എംപിമാർ വരെ രംഗത്തെത്തിയിരുന്നു.
നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി തന്നെ രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഇവർ അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2020 ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഒരു ക്യാമ്പയിന്‍ പോലെ ഇത് ഏറ്റെടുക്കുകയും മുസ്ലിം വിരുദ്ധ ട്വീറ്റുകളിട്ട നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.