കേരള അറ്റാക്കിൽ ജംഷദ്പൂർ വീണു; ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ
ഐ എസ് എൽ ഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് ചെയ്തു. സെമി ഫൈനലിന്റെ രണ്ടാം പാദം 1-1 എന്ന സമനിലയിൽ അവസാനിച്ചതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ ഉറപ്പിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 2-1ന് ആണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ മറികടന്നത്. ഇന്ന് റഫറിയുടെ ഒരു തെറ്റായ തീരുമാനം ആണ് ജംഷദ്പൂരിന് പൊരുതാൻ എങ്കിലും അവസരം നൽകിയത്.
ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്. ഇന്ന് ആദ്യ മിനുട്ടിൽ തന്നെ ആല്വാരോ വാസ്കസിന് ഒരു സുവർണ്ണാവസരം ലഭിച്ചു. പന്ത് ലഭിക്കുമ്പോൾ വാാകസിന് മുന്നിൽ ഗോൾ കീപ്പർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഗോൾ ലൈൻ വിട്ട് വന്ന ഗോൾകീപ്പർ രെഹ്നേഷിനു മുകളിലൂടെ വാസ്കസ് പന്ത് ചിപ്പ് ചെയ്തിട്ടു എങ്കിലും ലക്ഷ്യത്തിന് ഉരുമ്മി പന്ത് പുറത്ത് പോയി. വാസ്കസിന്റെ നിലവാരം വെച്ച് അങ്ങനെ ഒരു മിസ് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കേരളം അറ്റാക്കിംഗ് തുടർന്നു. ഡിയസിന്റെ ഒരു എഫേർട് പോസ്റ്റിൽ തട്ടി മടങ്ങിയതും താരം ഫോളോ അപ്പിൽ വല കണ്ടെത്തിയപ്പോൾ ഓഫ് സൈഡ് ഫ്ലാഗ് വന്നതും കേരള ബ്ലാസ്റ്റേഴ്സിന്റെ ദിവസമല്ലേ ഇതെന്ന് പേടിപ്പിച്ചു. പക്ഷെ ഈ ടീം ഒന്നിലും തകരുന്നവർ ആയിരുന്നില്ല.
ഇതിനു ശേഷം 18ആം മിനുട്ടിൽ ലൂണയുടെ മാന്ത്രിക നിമിഷം വന്നു. വാസ്കസിൽ നിന്ന് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ലൂണ ജംഷദ്പൂർ ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് അകറ്റി കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. കേരളം 1-0 ജംഷദ്പൂർ. അഗ്രിഗേറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിൽ.
37ആം മിനുട്ടിൽ കേരളത്തെ ഞെട്ടിച്ച് ചിമ ജംഷദ്പൂരിനായി ഗോളടിച്ചു. ആദ്യം ഗോൾ അനുവദിച്ചു എങ്കിലും റെഫറിമാർ ചർച്ച നടത്തി ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ലഭിച്ചു. 50ആം മിനുട്ടിൽ ഒരു സെറ്റ് പ്ലേയിൽ നിന്ന് പ്രണോയ് ഹോൽദറാണ് ഗോൾ നേടിയത്. ഗോൾ നേടും മുമ്പ് താരം കൈകൊണ്ട് പന്ത് നിയന്ത്രിച്ചു എന്നത് വളരെ വ്യക്തമായിരുന്നു എങ്കിലും റഫറി ഗോൾ അനുവദിച്ചു. സ്കോർ 1-1 (അഗ്രിഗേറ്റ് 2-1)
ഈ ഗോളിന് ശേഷം ശക്തമായി ആക്രമിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഒരു നല്ല അവസരം ലഭിച്ചു. ഇത്തവണ വാസ്കസിന്റെ ചിപ്പ് ഗോൾ ലൈനിൽ വെച്ച് ക്ലിയർ ചെയ്തു. ഇതിനു ശേഷം ഒരു ഫ്രീകിക്കിൽ നിന്ന് ലെസ്കോവിചിന് കിട്ടിയ ഒരു നല്ല ഹെഡർ ചാൻസും വലയിൽ എത്തിയില്ല.
സമ്മർദ്ദത്തിൽ ആയതോടെ കേരള ബ്ലാസ്റ്റേഴ്സ് രാഹുലിനെയും ജീക്സണെയും സബ്ബായി കളത്തിൽ എത്തിച്ചു. 65ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഫ്രീകിക്ക് ഗിൽ തടഞ്ഞു എങ്കിലും അതിനു പിന്നാലെ വന്ന അവസരം ഗോൾ ലൈനിൽ നിന്ന് ഡിയസ് ആണ് ക്ലിയർ ചെയ്തത്.
ഇതിനു ശേഷം മികച്ച ഫിസിക്കൽ പോരാട്ടമാണ് കാണാൻ ആയത്. ഇരുടീമുകളും പൊരുതി. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് കരുത്തോടെ ഉയർന്ന് നിന്ന് ഫൈനൽ ഉറപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഐ എസ് എൽ ഫൈനൽ ആകും ഇത്. ഫൈനലിൽ മോഹൻ ബഗാനോ ഹൈദരബാദോ ആകും കേരളത്തിന്റെ എതിരാളികൾ.